
ഏക്നാഥ് ഷിന്‍ഡെ -സഞ്ജയ് ഷിർസാത്ത്- അശോക് ചവാന്‍ Photo-PTI
'എന്തിനാണ് ഇത്രയും പണം?'; ബിജെപി എംപിയെ കടന്നാക്രമിച്ച് ഷിൻഡെ ശിവസേന മന്ത്രി
|പ്രവര്‍ത്തകരെ ചാക്കിലാക്കാന്‍ നോക്കുന്നുവെന്ന പരാതിക്ക് പിന്നാലെയാണ് ബിജെപി എംപിക്കെതിരെ ഷിന്‍ഡെ ശിവസേന രംഗത്ത് എത്തുന്നത്
മുംബൈ: ബിജെപിയുടെ രാജ്യസഭാ എംപി അശോക് ചവാനെതിരെ രൂക്ഷ വിമർശനവുമായി ഷിന്‍ഡെ വിഭാഗം നേതാവും മന്ത്രിയുമായ സഞ്ജയ് ഷിർസാത്ത്. തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ നേതാക്കളെ ചാക്കിട്ടുപിടിക്കുന്നതിന്റെ പേരില്‍ ബിജെപിക്കെതിരെ ഷിന്‍ഡെ വിഭാഗം ശിവസേന രംഗത്തുണ്ട്.
ഇതിന് പിന്നാലെയാണ് ബിജെപി എംപിയെ കടന്നാക്രമിച്ച് ഷിന്‍ഡെ വിഭാഗം നേതാവ് രംഗത്ത് എത്തുന്നത്.
ചവാൻ, അമിതമായി സ്വത്ത് സമ്പാദിച്ചതായി ഷിർസാത്ത് ആരോപിച്ചു. നന്ദേഡ് ജില്ലയിലെ ഭോക്കറിൽ നടന്ന ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കട്ടിയുള്ള ചപ്പാത്തിയാണോ അതോ കറൻസി നോട്ടുകളാണോ ചവാന്‍ കഴിക്കുന്നത് എന്നാണ് തന്റെ സംശയം എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. അയാള്‍ക്ക് എന്തിനാണ് ഇത്രയധികം പണം, മന്ത്രി ചോദിച്ചു. ചവാന്റെ പിതാവ്, മുൻ മുഖ്യമന്ത്രി ശങ്കർറാവു ചവാനെയും അദ്ദേഹം കടന്നാക്രമിച്ചു. "നന്ദേഡ് ലണ്ടൻ ആക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഞാൻ പലതവണ നന്ദേഡ് സന്ദർശിച്ചിട്ടുണ്ട്. നഗരം മറക്കുക, അദ്ദേഹത്തിന്റെ സ്വന്തം ജന്മനാടായ ഭോക്കർ പോലും ഇന്നും മോശം അവസ്ഥയിലാണ്," സാമൂഹിക നീതി മന്ത്രി കൂടിയായ അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം മന്ത്രിയുടെ ആരോപണം തള്ളിയ ചവാന്‍, ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനയാണെന്നും കുറ്റപ്പെടുത്തി.
നേരത്തെ ചവാനെ കുറ്റപ്പെടുത്തി ശിവസേന എംഎൽസി ഹേമന്ത് പാട്ടീലും രംഗത്ത് എത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം തകർക്കുന്ന നടപടിയാണ് ചവാന്‍ സ്വീകരിക്കുന്നത് എന്നായിരുന്നു വിമര്‍ശനം. തങ്ങളുടെ നേതാക്കളെ ബിജെപി ചാക്കിട്ടുപിടിക്കുന്നു എന്ന പരാതി ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ധരിപ്പിച്ചത് അടുത്തിടെയാണ്.