< Back
India
മുംബൈ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ ശിവസേന ഉദ്ധവ് പക്ഷം
India

മുംബൈ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ ശിവസേന ഉദ്ധവ് പക്ഷം

Web Desk
|
22 Dec 2024 11:42 AM IST

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ മുനിസിപ്പൽ കോർപ്പറേഷനാണിത്​

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ മഹാ വികാസ് അഘാ‍ഡി സഖ്യത്തി​െൻറ ദയനീയ തോൽവിയെ തുടർന്ന്, വരുന്ന ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ചേക്കുമെന്ന് ശിവസേന ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവത്ത്. മറ്റു സഖ്യകക്ഷി നേതാക്കളുമായി തങ്ങൾ ചർച്ച നടത്തി വരികയാണെന്നും എന്നാൽ, പാർട്ടി സ്വതന്ത്രമായി മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ താൽപര്യമെന്നും റാവത്ത് പറഞ്ഞു. അതേസമയം, പൂനെ, പിംപ്രി-ചിഞ്ച്വാഡ്, നാസിക് എന്നിവിടങ്ങളിൽ സഖ്യകക്ഷികളുമായി ചേർന്ന് മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈയിൽ പാർട്ടിക്ക് വലിയ സ്വാധീനമാണുള്ളത്. നിയമസഭ തെരഞ്ഞെടുപ്പിൽ മുംബൈയിൽ കൂടുതൽ സീറ്റുകളിൽ മത്സരിച്ചിരുന്നെങ്കിൽ തങ്ങൾക്ക് വിജയിക്കാൻ കഴിയുമായിരുന്നെന്നും റാവത്ത് പറഞ്ഞു. കോൺ​ഗ്രസ്​, എൻസിപി (ശരത്​ പവാർ) എന്നിവയാണ്​ മഹാവികാസ്​ അഘാഡിയിലെ മറ്റു പ്രബല കക്ഷികൾ.

ശിവസേന പിളരുന്നതിന് മുമ്പ്​ പാർ‍ട്ടി ബിജെപിയുടെ സഖ്യകക്ഷിയായിരുന്നപ്പോൾ ബിഎംസി, തദ്ദേശ തെരഞ്ഞടുപ്പുകളിൽ സ്വതന്ത്രമായി മത്സരിച്ചിരുന്നു. അതേസമയം, ബി.ജെ.പി, ശിവസേന (ഷിൻഡെ പക്ഷം), എൻ.സി.പി (അജിത്​ പവാർ) എന്നിവരടങ്ങിയ മഹായുതി സഖ്യം ബിഎംസി തെരഞ്ഞെടുപ്പിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചിട്ടുണ്ട്​.

ബിഎംസി അം​ഗങ്ങളുടെ കാലാവധി 2022ൽ അവസാനിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിലും ഒബിസി സീറ്റുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതിയിൽ നിലനിൽക്കുന്നതിനാലും മൂന്നു വർഷമായി ബിഎംസിയിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുത്തിട്ടില്ല. ഏകദേശം 50,000 കോടി വാർഷിക ബജറ്റ് വരുന്ന ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ മുനിസിപ്പൽ കോർപ്പറേഷനാണിത്​. 1997 മുതൽ തുടർച്ചയായി 25 വർഷക്കാലം നിയന്ത്രിച്ചിരുന്നത് ശിവസേനയാണ്​.

Similar Posts