
ഗാനരചയിതാവ് വൈരമുത്തുവിന് നേരെ ചെരുപ്പേറ്; യുവതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
|തിരുപ്പൂർ കളക്ടറേറ്റിന് മുന്നിൽ നടന്ന സ്വീകരണ ചടങ്ങിനിടെയാണ് നാടകീയമായ ഈ സംഭവങ്ങൾ അരങ്ങേറിയത്
ചെന്നൈ: തിരുപ്പൂരിൽ വെച്ച് പ്രശസ്ത തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന് നേരെ ചെരിപ്പെറിഞ്ഞ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂർ കളക്ടറേറ്റിന് മുന്നിൽ നടന്ന സ്വീകരണ ചടങ്ങിനിടെയാണ് നാടകീയമായ ഈ സംഭവങ്ങൾ അരങ്ങേറിയത്. കൊങ്കു കലാ സാഹിത്യ സാംസ്‌കാരിക ഫെഡറേഷന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
വൈരമുത്തുവിനെ സ്വീകരിക്കാൻ വലിയ ജനക്കൂട്ടവും അഭിഭാഷകരും തടിച്ചുകൂടിയ സമയത്തായിരുന്നു 45കാരിയായ ജയ എന്ന യുവതി അദ്ദേഹത്തിന് നേരെ ചെരിപ്പെറിഞ്ഞത്. എന്നാൽ എറിഞ്ഞ ചെരിപ്പ് വൈരമുത്തുവിന്റെ ശരീരത്തിൽ കൊണ്ടില്ല. സംഭവത്തെ തുടർന്ന് സ്ഥലത്ത് വലിയ രീതിയിലുള്ള ആശയക്കുഴപ്പവും നേരിയ സംഘർഷാവസ്ഥയും ഉടലെടുത്തു. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് യുവതിയെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
താൻ നേരത്തെ നൽകിയ ഒരു പരാതിയിൽ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഈ പ്രവൃത്തി ചെയ്തതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ജയ കളക്ടറേറ്റിന് മുന്നിൽ നേരത്തെ തന്നെ കുത്തിയിരുന്ന് പ്രതിഷേധം നടത്തിവരികയായിരുന്നു. ഇതേ സ്ഥലത്ത് വെച്ചാണ് വൈരമുത്തുവിന് സ്വീകരണം നൽകിയത്. യുവതിക്ക് മാനസികമായ അസ്വാസ്ഥ്യങ്ങൾ ഉള്ളതായി സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ തിരുപ്പൂർ സൗത്ത് പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. അനിഷ്ട സംഭവങ്ങൾക്കിടയിലും നിശ്ചയിച്ച പരിപാടി തടസ്സമില്ലാതെ പിന്നീട് തുടർന്നു.
2018ൽ വൈരമുത്തുവിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി ഗായിക ചിന്മയി ശ്രീപദ, ഭുവന ശേഷൻ തുടങ്ങിയവർ രംഗത്തുവന്നിരുന്നു. ആരോപണങ്ങൾ വൈരമുത്തു പിന്നീട് നിഷേധിച്ചിരുന്നു.