
ഭൂമിയേ തൊട്ട് ശുഭാംശു; ആക്‌സിയം ദൗത്യ സംഘം മടങ്ങിയെത്തി
|18 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷമാണ് തിരിച്ചെത്തിയത്
ന്യൂഡല്‍ഹി: 18 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെടെയുള്ള നാലംഗ സംഘം ഭൂമിയില്‍ സുരക്ഷിതമായി തിരിച്ചെത്തി. നാലംഗ സംഘത്തെ വഹിക്കുന്ന സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം സുരക്ഷിതമായി കാലിഫോര്‍ണിയക്കടുത്തുള്ള പസഫിക് സമുദ്രത്തിലാണ് പതിച്ചത്.
ബഹിരാകാശ നിലയവും പേടകവുമായുള്ള ബന്ധം വേര്‍പ്പെടുത്തുന്ന അണ്‍ഡോക്കിങ് പ്രക്രിയ ഇന്നലെ ഇന്ത്യന്‍ സമയം 4.45 ഓടെയാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഭൂമിയിലേക്ക് യാത്ര തിരിച്ച സംഘം ഏകദേശം ഇരുപത്തി രണ്ടര മണിക്കൂര്‍ സമയമെടുത്താണ് ഭൂമിയിലെത്തി ചേര്‍ന്നത്. ക്രൂ അംഗങ്ങളെ കരയിലേക്ക് എത്തിക്കുകയാണ് അടുത്ത പ്രക്രിയ. പ്രാഥമിക ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം നാസയുടെ ഹ്യൂസ്റ്റണിലുള്ള ജോണ്‍സണ്‍ സ്പേസ് സെന്ററിലേക്ക് ഇവരെ മാറ്റും.
ഇതോടെ നാല് രാജ്യങ്ങള്‍ കൈകോര്‍ത്ത സ്വകാര്യ ബഹിരാകാശ ദൗത്യമാണ് ആക്സ് 4 വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള ശുഭാംശു ശുക്ലക്കൊപ്പം നാസയുടെ മുതിര്‍ന്ന ആസ്ട്രോനോട്ട് പെഗ്ഗി വിറ്റ്സണ്‍, ഹംഗറി സ്വദേശി ടിബോര്‍ കാപു, പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് ഉസ്നാന്‍സ്‌കി എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.