
'നിയമങ്ങൾ സുപ്രിംകോടതി ഉണ്ടാക്കുമെങ്കില്‍ പാര്‍ലമെന്റ് അടച്ചുപൂട്ടണം'; രൂക്ഷവിമർശനവുമായി ബിജെപി എംപി
|രാജ്യത്ത് മതപരമായ യുദ്ധങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിന്റെ ഉത്തരവാദികള്‍ സുപ്രിംകോടതിയാണെന്ന് നിഷികാന്ത് ദുബെ പറഞ്ഞു
ന്യൂഡൽഹി: സുപ്രിംകോടതിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. സുപ്രിംകോടതി നിയമങ്ങള്‍ ഉണ്ടാക്കുമെങ്കില്‍ പാര്‍ലമെന്‍റ് മന്ദിരം അടച്ചുപൂട്ടണമെന്ന് ദുബെ എക്സിൽ കുറിച്ചു. രാജ്യത്ത് മതപരമായ യുദ്ധങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിന്റെ ഉത്തരവാദികള്‍ സുപ്രിംകോടതിയാണെന്നും ആഭ്യന്തര യുദ്ധങ്ങൾക്ക് കാരണം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണെന്നും ദുബെ പറഞ്ഞു.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. ഈ രാജ്യത്തിന്‍റെ നിയമങ്ങള്‍ രൂപവത്കരിക്കുന്നത് പാര്‍ലമെന്‍റാണ്. ആ പാര്‍ലമെന്‍റിനോട് നിങ്ങള്‍ ആജ്ഞാപിക്കുമോ എന്ന് ദുബെ ചോദിച്ചു. നിങ്ങള്‍ക്കെങ്ങനെ ഒരു പുതിയ നിയമം ഉണ്ടാക്കാന്‍ കഴിയും? മൂന്നുമാസത്തിനകം രാഷ്ട്രപതി തീരുമാനം കൈക്കൊള്ളണമെന്ന് ഏത് നിയമത്തിലാണ് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.
നിഷികാന്ത് ദുബെക്കെതിരി സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ദുബെയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്ന് ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ വ്യക്തമാക്കി. ദുബെയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ബിജെപി ജുഡീഷ്യറിയെ ബഹുമാനിക്കുന്നുവെന്നും നഡ്ഡ പറഞ്ഞു. ദുബെയ്ക്ക് ബിജെപി താക്കീത് നൽകി. നേരത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ സുപ്രീം കോടതിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ബില്ലുകള്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിന് പിന്നാലെയായിരുന്നു ധന്‍കറിന്റെ വിമര്‍ശനം.