< Back
India
അധികാരത്തർക്കത്തിനിടെ ഡി.കെ ശിവകുമാറിന് പ്രഭാതവിരുന്നൊരുക്കി സിദ്ധരാമയ്യ
India

അധികാരത്തർക്കത്തിനിടെ ഡി.കെ ശിവകുമാറിന് പ്രഭാതവിരുന്നൊരുക്കി സിദ്ധരാമയ്യ

Web Desk
|
29 Nov 2025 11:02 AM IST

2027ൽ ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാമെന്നാണ് സിദ്ധരാമയ്യ മുന്നോട്ടുവെക്കുന്ന നിർദേശം

ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ പ്രശ്‌നങ്ങൾ ലഘൂകരിക്കാനും ആഭ്യന്തര പ്രതിസന്ധി പരിഹരിക്കുന്നതിനുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും കൂടിക്കാഴ്ച നടത്തി. ഭിന്നതകൾ പരിഹരിക്കാൻ ഇരുനേതാക്കളും ചർച്ച നടത്തണമെന്ന് ഹൈക്കമാൻഡ് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യ ശിവകുമാർ പ്രഭാതവിരുന്നൊരുക്കിയത്.

കൂടിക്കാഴ്ചക്ക് ശേഷം ദേശീയ നേതൃത്വവുമായി ചർച്ച നടത്താണ് ഡി.കെ ശിവകുമാർ ഡൽഹിയിലേക്ക് പോകുമെന്നാണ് അറിയുന്നത്. ഉപ്പുമാവ്, ഇഡ്ഡലി, സാമ്പാർ തുടങ്ങിയ വിഭവങ്ങളാണ് സിദ്ധരാമയ്യ വിരുന്നിൽ വിളമ്പിയത്. ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ ഫോട്ടോ പുറത്തുവന്നിട്ടുണ്ട്. നേതാക്കൾ തമ്മിലുള്ള ബന്ധം നല്ലരീതിയിൽ തന്നെ മുന്നോട്ട് പോകുമെന്നാണ് അറിയുന്നത്.

''ഹൈക്കമാൻഡ് ഞങ്ങളെ രണ്ടുപേരെയും വിളിച്ചിട്ടുണ്ട്. ഞാൻ നാളെ ശിവകുമാറിനെ പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചിട്ടുണ്ട്. നേരത്തെ പറഞ്ഞതുപോലെ ഹൈക്കമാൻഡ് പറയുന്നത് ഞാൻ അനുസരിക്കും. എന്റെ നിലപാടിൽ ഒരു മാറ്റവുമില്ല. ഹൈക്കമാൻഡ് നിർദേശം പാലിക്കുമെന്ന് ശിവകുമാറും വ്യക്തമാക്കിയിട്ടുണ്ട്''- സിദ്ധരാമയ്യ ഇന്നലെ പറഞ്ഞിരുന്നു.

2027ൽ മുഖ്യമന്ത്രിയാക്കാമെന്ന് സിദ്ധരാമയ്യ ശിവകുമാറിനെ അറിയിക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഒരു വർഷം കൂടി മുഖ്യമന്ത്രി പദത്തിൽ തുടരാനാണ് സിദ്ധരാമയ്യ ആഗ്രഹിക്കുന്നത്. മന്ത്രിസഭാ പുനഃസംഘടന നടത്തി ശിവകുമാറിന്റെ കൂടുതൽ അനുയായികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താമെന്ന നിർദേശവും സിദ്ധരാമയ്യ മുന്നോട്ടുവെക്കുന്നുണ്ട്. 2027ൽ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാമെന്നും 2028ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി തെരഞ്ഞെടുപ്പിനെ നേരിടാമെന്നുമാണ് സിദ്ധരാമയ്യ പക്ഷം മുന്നോട്ടുവെക്കുന്ന ഫോർമുല. ഇത് ശിവകുമാർ അംഗീകരിക്കുമോ എന്ന് വ്യക്തമല്ല.

Similar Posts