< Back
India
ഡി.കെ ശിവകുമാറിന് മുഖ്യമന്ത്രി പദം നൽകിയാൽ സിദ്ധരാമയ്യയുടെ പ്ലാൻ എന്ത്?
India

ഡി.കെ ശിവകുമാറിന് മുഖ്യമന്ത്രി പദം നൽകിയാൽ സിദ്ധരാമയ്യയുടെ പ്ലാൻ എന്ത്?

Web Desk
|
27 Nov 2025 2:50 PM IST

ഖാർ​ഗെ കഴിഞ്ഞ ദിവസം ബം​ഗളൂരുവിലെത്തി ഇരുനേതാക്കളെയും കണ്ടിരുന്നു

ബംഗളൂരു: കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി നിലനിർത്തണം എന്നാണ് അദ്ദേഹത്തെ പിന്തുണക്കുന്നവർ ആവശ്യപ്പെടുന്നത്. ആശയക്കുഴപ്പം പരിഹരിക്കണമെന്നും പ്രതിസന്ധി അവസാനിപ്പിക്കണമെന്നും സിദ്ധരാമയ്യ ക്യാമ്പ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. കാത്തിരുന്നു കാണാം എന്ന നിലപാടിലാണ് സിദ്ധരാമയ്യയെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ മുഖ്യമന്ത്രിയെ മാറ്റുമെന്ന് എന്തെങ്കിലും സൂചന നൽകിയാൽ തങ്ങൾ ഇടപെടുമെന്ന് സിദ്ധരാമയ്യ പക്ഷം പറയുന്നു. ഡി.കെ ശിവകുമാറിന് പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേരുകൾ ഉയർത്താനാണ് സിദ്ധരാമയ്യ പക്ഷം ലക്ഷ്യമിടുന്നത്. സിദ്ധരാമയ്യ മാറിയാൽ കൂടുതൽ ആളുകൾ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുമെന്ന പ്രതീതിയുണ്ടാക്കാനാണ് ശ്രമം.

നിലവിലെ ആഭ്യന്തരമന്ത്രിയും ദലിത് വിഭാഗത്തിൽ നിന്നുള്ള നേതാവുമായ ജി.പരമേശ്വരയുടെ പേരാണ് പ്രധാനമായും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നത്. സിദ്ധരാമയ്യയുടെ വിശ്വസ്തനാണ് പരമേശ്വര. ബുധനാഴ്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ വീട്ടിൽ ചേർന്ന യോഗത്തിലാണ് സിദ്ധരാമയ്യ പക്ഷം കരുനീക്കങ്ങൾ ആസൂത്രണം ചെയ്തത്. ദേശീയ നേതൃത്വം പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നാണ് കരുതുന്നതെന്ന് ജാർക്കിഹോളി പറഞ്ഞു.

മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ ദിവസം ബംഗളൂരുവിലെത്തി നേതാക്കളുമായി സംസാരിച്ചിരുന്നു. ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ചർച്ച നടത്തിയ ശേഷം സിദ്ധരാമയ്യയേയും ഡി.കെ ശിവകുമാറിനെയും ഡൽഹിക്ക് വിളിപ്പിക്കും. ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ ഉറപ്പിച്ചുപറയുന്നത്. ഡി.കെ മുഖ്യമന്ത്രിയാകുമെന്ന് 200 ശതമാനം ഉറപ്പാണ് എന്നായിരുന്നു രാമനഗരം എംഎൽഎ ഇഖ്ബാൽ ഹുസൈന്റെ പ്രതികരണം.

Similar Posts