< Back
India
നെഹ്‌റു റോഡ് ഇനി മോദി മാർഗ്; പേരു മാറ്റവുമായി സിക്കിം
India

നെഹ്‌റു റോഡ് ഇനി മോദി മാർഗ്; പേരു മാറ്റവുമായി സിക്കിം

Web Desk
|
30 Dec 2021 10:33 AM IST

റോഡിന് മോദിയുടെ പേരിടാൻ ഗ്രാമപ്പഞ്ചായത്ത് ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് പ്രസിഡണ്ട് ഐ.കെ റസൈലി

സോംഗോ തടാകത്തെയും ഗാംഗ്‌ടോക്കിലെ നാഥുല ബോർഡർ പാസിനെയും ബന്ധിപ്പിക്കുന്ന റോഡിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരു നൽകി സിക്കിം സർക്കാർ. റോഡ് സിക്കിം ഗവർണർ ഗംഗാ പ്രസാദ് റോഡ് കഴിഞ്ഞ ദിവസം നാടിനു സമർപ്പിച്ചു. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പേരായിരുന്നു ഈ റോഡിനുണ്ടായിരുന്നതെന്ന് ദ സെന്റിനൽ റിപ്പോർട്ട് ചെയ്യുന്നു.

നാഥുല അന്താരാഷ്ട്ര അതിർത്തിയിലേക്കുള്ള സമാന്തര പാതയാണിത്. 19.51 കിലോമീറ്ററാണ് ദൂരം. റോഡ് ഉദ്ഘാടത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ഡി.ബി ചൗഹാൻ അടക്കമുള്ളവർ പങ്കെടുത്തു. റോഡിന് മോദിയുടെ പേരിടാൻ ഗ്രാമപ്പഞ്ചായത്ത് ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് 51 ക്യോൻഗസാല പഞ്ചായത്ത് പ്രസിഡണ്ട് ഐ.കെ റസൈലി പറഞ്ഞു.

കോവിഡ് മഹാമാരിക്കാലത്ത് സൗജന്യ റേഷനും വാക്‌സിനും നൽകിയതിനുള്ള നന്ദിസൂചകമാണ് പേരുമാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദോക്‌ലാം അതിർത്തി സംഘർഷത്തിൽ അതിർത്തിയിലെ ജനങ്ങൾക്ക് സംരക്ഷണം നൽകുന്ന നിലപാടാണ് പ്രധാനമന്ത്രി കൈക്കൊണ്ടതെന്നും റസൈലി ചൂണ്ടിക്കാട്ടി.

Related Tags :
Similar Posts