< Back
India
അദാനി തുറമുഖത്തെത്തിയ കണ്ടെയ്നറിൽ നിന്ന് ഒൻപത് കോടി രൂപ വിലമതിക്കുന്ന വെള്ളി കാണാതായി
India

അദാനി തുറമുഖത്തെത്തിയ കണ്ടെയ്നറിൽ നിന്ന് ഒൻപത് കോടി രൂപ വിലമതിക്കുന്ന വെള്ളി കാണാതായി

Web Desk
|
10 April 2025 4:06 PM IST

922 കിലോഗ്രാം ഭാരമുള്ള 30 വെള്ളി ബാറുകളാണ് കാണാതായത്

ചെന്നൈ: തമിഴ്നാട്ടിലെ കാട്ടുപള്ളിയിലുള്ള അദാനി തുറമുഖത്ത് എത്തിയ കണ്ടെയ്നറിൽ നിന്ന് ഒൻപത് കോടി രൂപ വിലവരുന്ന വെള്ളി കാണാതായതായി പരാതി. 922 കിലോഗ്രാം ഭാരമുള്ള 30 വെള്ളി ബാറുകളാണ് കാണാതായത്.

രണ്ട് കണ്ടെയ്‌നറുകളിലായാണ് ലണ്ടനിൽ നിന്ന് വെള്ളിക്കട്ടികൾ കയറ്റി അയച്ചത്. ഒരു കണ്ടെയ്‌നറിൽ 20 ടണ്ണും രണ്ടാമത്തേതിൽ 19 ടണ്ണും എത്തിച്ചു. അദാനി തുറമുഖത്തെത്തിയ കണ്ടെയ്‌നറുകൾ ലോറികളിലാണ് കമ്പനിയുടെ വെയർഹൗസിലേക്ക് കൊണ്ടുപോയത്. പതിവ് പരിശോധനയ്ക്കിടെ രണ്ട് കണ്ടെയ്‌നർ ബോക്സുകളിൽ ഒന്നിന്‍റെ ഭാരം കുറവാണെന്ന് കണ്ടെത്തി.

ലണ്ടനിൽ നിന്ന് ഇറക്കുമതി ചെയ്ത ശേഷം കമ്പനിയിലേക്ക് അയക്കും മുൻപ് കണ്ടെയ്നർ രണ്ട് തവണ തുറന്നതായി പൊലീസ് കണ്ടെത്തി. ശ്രീപെരുംപുത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ലണ്ടനിൽ നിന്ന് ഏകദേശം 39 ടൺ വെള്ളിക്കട്ടികൾ ഇറക്കുമതി ചെയ്തത്.

കണ്ടെയ്‌നറിലെ ജിപിഎസ് ഉപകരണം പരിശോധിച്ചപ്പോൾ തുറമുഖത്ത് നിന്ന് സാധനങ്ങൾ അയയ്ക്കുന്നതിന് മുമ്പ് കണ്ടെയ്‌നർ രണ്ടു തവണ തുറന്നിട്ടുണ്ടെന്ന് കണ്ടെത്തി. ഒരിക്കൽ ഏകദേശം രണ്ട് മിനിറ്റും പിന്നീട് 16 മിനിറ്റും. തുടർന്ന് കമ്പനി മാനേജർ കാട്ടൂർ പൊലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് പരാതി നൽകി. ആരാണ് വെള്ളി കടത്തിക്കൊണ്ട് പോയതെന്ന് വ്യക്തമായിട്ടില്ല. പരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Similar Posts