
'യാ അലി'യിലൂടെ ശ്രദ്ധേയനായ വിഖ്യാത ഗായകൻ സുബീൻ ഗാർഗ് അന്തരിച്ചു
|സിംഗപ്പൂരിൽ സ്‌കൂബ ഡൈവിങ്ങിനിടെ അപകടത്തിൽപ്പെടുകയായിരുന്നു
മുംബൈ: പ്രശസ്ത ബോളിവുഡ് ഗായകനും സംഗീത സംവിധായകനും നടനുമായ സുബീൻ ഗാർഗ് (52) അന്തരിച്ചു. ഇന്നലെ സിംഗപ്പൂരിൽവെച്ച് സ്‌കൂബ ഡൈവിങ്ങിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിൽ പങ്കെടുക്കാനാണ് അദ്ദേഹം സിംഗപ്പൂരിലെത്തിയത്. ഡൈവിങ്ങിനിടെ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു എന്നാണ് വിവരം. ഉടൻ സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
90 കളില്‍ ജനിച്ചവരെ ത്രസിപ്പിച്ച ‘യാ അലീ’ എന്ന ഒരൊറ്റ പാട്ട് മതി സുബീന്‍ ഗാര്‍ഗിനെ ലോകം ഓർമിക്കാൻ. 2006 ല്‍ പുറത്തിറങ്ങിയ ഗാങ്സ്റ്റര്‍ എന്ന ചിത്രത്തിലെ ആ പാട്ടൊരുക്കിയത് സയ്യീദ് ഖാദ്രത്‍യാണ്. പ്രീതം ചക്രബോർത്തി നൽകിയ ഈണത്തിനൊപ്പം സുബീറിന്റെ മാസ്മരിക ശബ്ദം കൂടി ചേർന്നതോടെ പാട്ട് ഹിറ്റായി. ക്രിഷ് 3 എന്ന ചിത്രത്തിലെ ദില്‍ തൂഹി ബത്താ എന്ന പാട്ടും ഹിറ്റായിരുന്നു.
1972ൽ മേഘാലയയിൽ ജനച്ച സുബീൻ ഗാർഗിന്റെ യഥാർഥ പേര് സുബീൻ ബർതാക്കൂർ എന്നാണ്. തൊണ്ണൂറുകളിൽ ഗോത്രനാമമായ 'ഗാർഗ്' അദ്ദേഹം സ്‌റ്റേജ് നാമമായി സ്വീകരിച്ചു. അസമിൽ തരംഗമായി മാറിയ സുബീൻ 2006ൽ പുറത്തിറങ്ങിയ 'ഗ്യാങ്സ്റ്റർ' എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ 'യാ അലി'യിലൂടെയാണ് ദേശീയതലത്തിൽ ശ്രദ്ധേയനാകുന്നത്.
അസമീസ്, ബംഗാളി, ഹിന്ദി സിനിമ-സംഗീത മേഖലയിലാണ് സുബീൻ നിറഞ്ഞു നിന്നിരുന്നത്. എന്നാൽ മലയാളമടക്കം 40 ഭാഷകളിലും ഉപഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്. ഇതിൽ ബിഷ്ണുപ്രിയ മണിപ്പൂരി, ആദി, ബോറോ, ഇംഗ്ലീഷ്, ഗോൾപരിയ, കന്നഡ, കർബി, ഖാസി, സാൻദിയ, നേപാ, മലയാളം, സാൻദിയ, സിന്ധീ, മിസിങ് എന്നിവ ഉൾപ്പെടുന്നു. ആനന്ദലഹരി, ധോൾ, ദോതാര, ഡ്രംസ്, ഗിറ്റാർ, ഹാർമോണിയം, മാൻഡോലിൻ, കീബോർഡ്, തബല തുടങ്ങി 12 ഉപകരണങ്ങൾ അദ്ദേഹം വായിച്ചിരുന്നു. മിഷൻ ചൈന, ദിനബന്ധു തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.