< Back
India
എസ്ഐആർ; പശ്ചിമബംഗാളിലെ 26 ലക്ഷം വോട്ടർമാരുടെ വിവരങ്ങളിൽ പൊരുത്തക്കേട്
India

എസ്ഐആർ; പശ്ചിമബംഗാളിലെ 26 ലക്ഷം വോട്ടർമാരുടെ വിവരങ്ങളിൽ പൊരുത്തക്കേട്

Web Desk
|
28 Nov 2025 6:21 PM IST

കൂടുതൽ എന്യുമറേഷൻ ഫോമുകൾ തിരിച്ചെത്തുന്നതോടെ പട്ടികയിലെ പൊരുത്തക്കേട് വർധിച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിലവിലെ വോട്ടർ പട്ടികയിലുള്ള ഏകദേശം 26 ലക്ഷം വോട്ടർമാരുടെ പേരുകൾ 2002-ലെ വോട്ടർ പട്ടികയിലെ വിവരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മുമ്പ് നടന്ന എസ് ഐആറിന് ശേഷമുള്ള വോട്ടർപട്ടികയും നിലവിൽ പൂരിപ്പിച്ച് കിട്ടിയ ഫോമുകളിലെ വിവരങ്ങളും തമ്മിലാണ് പൊരുത്തക്കേടുകൾ. നിലവിൽ എസ്ഐആറിന്റെ ഭാ​ഗമായി ആറ് കോടിയിലധികം എന്യുമറേഷൻ ഫോമുകൾ ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞു എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഡിജിറ്റൈസേഷന് ശേഷം, ഓരോ ഫോമും 'മാപ്പിംഗിന് വിധേയമാക്കുന്നുണ്ട്. അപ്പോഴാണ് ഏറ്റവും പുതിയ വിവരങ്ങൾ മുമ്പത്തെ എസ്ഐആർ രേഖകളുമായി ഒത്തുനോക്കുന്നത്. ഇത്തരത്തിലുള്ള മാപ്പിം​ഗ് നടത്തിയപ്പോഴാണ് 26 ലക്ഷം വോട്ടർമാർക്ക് 2002 ലെ പട്ടികയുമായി പൊരുത്തക്കേടുകൾ കണ്ടെത്തിയത്. കൂടുതൽ എന്യുമറേഷൻ ഫോമുകൾ തിരിച്ചെത്തുന്നതോടെ പട്ടികയിലെ പൊരുത്തക്കേട് വർധിച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോ​ഗസ്ഥർ തന്നെ പറയുന്നുണ്ട്. അതേസമയം, ഈ ഘട്ടത്തിലെ പൊരുത്തക്കേട് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നു എന്ന് അർത്ഥമാക്കേണ്ടതില്ലെന്നും ഉദ്യോ​ഗസ്ഥർ പറയുന്നുണ്ട്. അന്തിമതീരുമാനം കൂടുതൽ സൂക്ഷമപരിശോധനയ്ക്കും ഫീൽഡ് പരിശോധനകൾക്കും ശേഷമായിരിക്കും.

പശ്ചിമ ബംഗാൾ ഉൾപ്പെടെ 12 ഇടങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടാം ഘട്ട എസ്ഐആർ പ്രഖ്യാപിച്ചിരിക്കുന്നത്. ധൃതിപിടിച്ചുള്ള എസ്ഐആറിനെതിരെ വലിയ പ്രതിഷേധവും നിയമപോരാട്ടവുമാണ് നടക്കുന്നത്. ബീഹാറിൽ 2025 ഓഗസ്റ്റ് 1-ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷം വോട്ടർമാരെ നീക്കം ചെയ്തത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

Related Tags :
Similar Posts