< Back
India
സാങ്കേതിക പിഴുവുകൾ ചൂണ്ടിക്കാട്ടി ആളുകളെ ഹിയറിംഗിന് വിളിപ്പിച്ച് ബുദ്ധിമുട്ടിക്കരുത്- മമത ബാനർജി
India

സാങ്കേതിക പിഴുവുകൾ ചൂണ്ടിക്കാട്ടി ആളുകളെ ഹിയറിംഗിന് വിളിപ്പിച്ച് ബുദ്ധിമുട്ടിക്കരുത്- മമത ബാനർജി

ശരത് ഓങ്ങല്ലൂർ
|
21 Jan 2026 1:02 PM IST

ജില്ല മജിസ്‌ട്രേറ്റുമാരുടെ യോഗത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയായിരുന്നു മമതയുടെ നിർദേശം

കൊൽക്കത്ത: എസ്‌ഐആർ നടപടികളുടെ ഭാഗമായി ജനങ്ങളെ പീഡിപ്പിക്കരുതെന്ന് കർശന നിർദേശവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സുപ്രിംകോടതിയുടെ നിർദേശങ്ങൾ പാലിച്ച് മാത്രമേ എസ്‌ഐആറിന്റെ ഹിയറിംഗ് നടത്താൻ പാടുള്ളു എന്നും രേഖകളിലെ സാങ്കേതിക പിഴുവുകൾ ചൂണ്ടിക്കാട്ടി ആളുകളെ ഹിയറിംഗിന് വിളിപ്പിച്ച് ബുദ്ധിമുട്ടിക്കരുതെന്നും മുഖ്യമന്ത്രി ജില്ല മജിസ്‌ട്രേറ്റുമാരോട് നിർദേശിച്ചു.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സെക്രട്ടേറിയേറ്റിൽ നടന്ന ജില്ല മജിസ്‌ട്രേറ്റുമാരുടെ യോഗത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. രേഖകളിലെ സാങ്കേതികമായ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ആളുകളെ ഹിയറിംഗിനായി വിളിപ്പിക്കുന്നത് അവർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. മാനുഷികമായ പരിഗണനയോടെ വേണം ഉദ്യോഗസ്ഥർ ഈ വിഷയത്തെ സമീപിക്കാൻ.

സുപ്രിം കോടതി അംഗീകരിച്ചിട്ടുള്ള എല്ലാ രേഖകളും ഹിയറിംഗ് സമയത്ത് ഉദ്യോഗസ്ഥർ സ്വീകരിക്കണം. ഇതിൽ യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ല. രേഖകൾ സമർപ്പിച്ചു കഴിഞ്ഞാൽ വോട്ടർമാർക്ക് കൃത്യമായ രസീത് നൽകുന്നുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റുമാർ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. നിശ്ചിത തീയതികളിൽ ഹിയറിംഗിന് എത്താൻ കഴിയാത്ത വോട്ടർമാർക്കായി മറ്റൊരു ദിവസം അനുവദിക്കുന്നതടക്കമുള്ള ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളുടെ പേരിൽ സംസ്ഥാനത്തെ വികസന പരിപാടികളും ക്ഷേമപദ്ധിതകളും മുടങ്ങരുതെന്നും മമത ബാനർജി ഉദ്യോഗസ്ഥരോട് പറഞ്ഞു. നിയമപരമായ നടപടികൾ പാലിക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ ഭയപ്പെടേണ്ടതില്ലെന്നും സംസ്ഥാന സർക്കാർ അവർക്കൊപ്പം ഉറച്ചുനിൽക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Similar Posts