
'തമിഴ്നാട്ടിൽ വോട്ടർപട്ടിക തീവ്ര പരിശോധന അനുവദിക്കില്ല'; ഡിഎംകെ നേതാവ് തിരുച്ചിശിവ
|മറ്റു സംസ്ഥാനങ്ങളിലും പരിശോധന തുടരുമെന്ന തെര. കമ്മീഷൻ തീരുമാനത്തെ അംഗീകരിക്കില്ലെന്നാണ് ഇന്‍ഡ്യ സഖ്യത്തിന്‍റെ നിലപാട്
ന്യൂഡല്‍ഹി:വോട്ടർപട്ടികയിലെ തീവ്രപരിശോധന തുടരുന്നതിൽ പ്രതിഷേധവുമായി ഇൻഡ്യ സഖ്യ നേതാക്കൾ.ബിഹാറിന് പിന്നാലെ മറ്റു സംസ്ഥാനങ്ങളിലും പരിശോധന തുടരുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് സഖ്യം. തമിഴ്നാട്ടിൽ തീവ്രപരിശോധന അനുവദിക്കില്ലെന്ന് ഡി.എം.കെ നേതാവ് തിരുച്ചിശിവ മീഡിയവണിനോട് പറഞ്ഞു.
ബിഹാറിന് പിന്നാലെ ബംഗാളിലും അതിന്ശേഷം തമിഴ്നാട്ടിലും വോട്ടർ പട്ടികയിൽ തീവ്രപരിശോധന നടത്താനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നീക്കം. വോട്ടർ പട്ടികയിലെ ക്രമക്കേട് ഒഴിവാക്കാനുള്ള ഒറ്റമൂലിയായി കമ്മീഷൻ കാണുന്നത് ഈ പരിശോധനയെയാണ്. തമിഴ്നാട്ടിൽ മാത്രമല്ല ബിഹാറിലും കേരളത്തിലും ഉൾപ്പെടെ എസ്ഐആര്‍ നടത്തുന്നതിന് എതിരാണെന്ന് ഡിഎംകെ എംപി തിരുച്ചിശിവ വ്യക്തമാക്കി
വോട്ട് കൊള്ളയുടെ പേരിൽ കമ്മീഷൻ രാഹുൽഗാന്ധിയോട് ആവശ്യപ്പെട്ട സത്യവാങ്മൂലം നൽകുകയോ മാപ്പ് പറയുകയോ ചെയ്യേണ്ടെന്നാണ് ഇൻഡ്യാ സഖ്യത്തിൻ്റെ തീരുമാനം. യുപിയിൽ 2022 ൽ പതിനെണ്ണായിരം പേരെയാണ് വോട്ടർപട്ടികയിൽ നിന്നും നീക്കം ചെയ്തതെന്ന് സമാജ് വാദി പാർട്ടി പറയുന്നു.ഒഴിവാക്കപ്പെട്ടവർ ഏറെയും പിന്നോക്ക വിഭാഗത്തിലുള്ളവർആയിരുന്നു .സത്യവാങ്മൂലം നൽകിയെങ്കിലും പ്രയോജനമുണ്ടായില്ലഎന്ന് എസ്പി നേതാക്കൾ വ്യക്തമാക്കി. പാർലമെൻ്റ് മഴക്കാലസമ്മേളനം അവസാനിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കുമ്പോഴും എസ്ഐആറിനെതിരായ പ്രതിഷേധം ഡൽഹിയിൽ തുടരുകയാണ്.