< Back
India
SIT examines nine-page note written in red ink by CJ Roy
India

സി.ജെ റോയ് ചുവന്ന മഷിയിൽ എഴുതിയ ഒമ്പത് പേജ് കുറിപ്പ് എസ്ഐടി പരിശോധനയിൽ

Web Desk
|
9 Feb 2026 9:47 PM IST

കുറിപ്പുകളിൽ വിവിധ അവസരങ്ങളിലായി നിരവധി വിഷയങ്ങൾ പരാമർശിക്കുന്നുണ്ടെന്നും അന്വേഷണ സംഘം.

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ പിടിച്ചെടുത്ത നിരവധി രേഖകളും പരിശോധിച്ചുവരികയാണെന്ന് പ്രത്യേക അന്വേഷണ സംഘം. റോയ് വ്യവസായി ചുവന്ന മഷിയിൽ എഴുതിയതായി പറയപ്പെടുന്ന ഒമ്പത് പേജുള്ള കുറിപ്പ് ഇതിൽ നിർണായകമാണ്.

'റോയിയുടെ കുടുംബാംഗങ്ങളിൽ നിന്നും കൂട്ടാളികളിൽ നിന്നും ലഭിച്ച നിരവധി കടലാസുകളും രേഖകളും ഞങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അതിൽ അദ്ദേഹം ചുവന്ന മഷിയിൽ എഴുതിയതായി സംശയിക്കുന്ന ഒമ്പത് പേജുള്ള കുറിപ്പുകൾ പ്രധാനമാണ്'- മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

കുറിപ്പുകളിൽ വിവിധ അവസരങ്ങളിലായി നിരവധി വിഷയങ്ങൾ പരാമർശിക്കുന്നുണ്ടെന്നും അവ പരിശോധനയിലാണെന്നും കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'നിലവിൽ അസ്വാഭാവിക മരണമായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, ആത്മഹത്യാ പ്രേരണയുണ്ടോയെന്ന് ഇതുവരെ നോക്കിയിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും'- ഉദ്യോഗസ്ഥൻ പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി റോയിയുമായി ബന്ധപ്പെട്ട വ്യക്തികളുടെ മൊഴികൾ രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഇപ്പോൾ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ റോയ് കഴിഞ്ഞ മാസം 30നാണ് ബം​ഗളൂരു നഗരത്തിലെ റിച്ച്മണ്ട് സർക്കിളിനടുത്തുള്ള തന്റെ ഓഫീസിൽ ആദായനികുതി വകുപ്പ് റെയ്ഡിനിടെ ജീവനൊടുക്കിയത്.

മൂന്ന് ദിവസം നടന്ന പരിശോധനകൾക്ക് ശേഷം കേരളത്തിൽ നിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥരുടെ സംഘം അദ്ദേഹത്തെ ചോദ്യം ചെയ്ത ദിവസമാണ് സംഭവം നടന്നത്. കഴിഞ്ഞ വർഷം ഡിസംബർ മുതൽ റോയി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു റോയ്. തുടർന്ന്,

അദ്ദേഹത്തിന്റെ ഓഫീസും പരിസരവും ഉദ്യോ​ഗസ്ഥർ റെയ്ഡ് ചെയ്തു. റെയ്ഡുകളുടെ വിശദാംശങ്ങൾ ഇതുവരെ പരസ്യമാക്കിയിട്ടില്ല. പ്രത്യേക അന്വേഷണ സംഘം ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ല. അന്വേഷണത്തിന്റെ ഭാഗമായി റോയിയുടെ ഓഫീസ് ജീവനക്കാരെയും എസ്‌ഐടി ചോദ്യം ചെയ്തിട്ടുണ്ട്.

Related Tags :
Similar Posts