< Back
India
ബിഹാറിൽ സംപൂജ്യരാവുമോ കോൺഗ്രസ്? ; ആറ് എംഎൽഎമാർ ജെഡിയുവിൽ ചേർന്നേക്കുമെന്ന് സൂചന
India

ബിഹാറിൽ സംപൂജ്യരാവുമോ കോൺഗ്രസ്? ; ആറ് എംഎൽഎമാർ ജെഡിയുവിൽ ചേർന്നേക്കുമെന്ന് സൂചന

ശരത് ഓങ്ങല്ലൂർ
|
15 Jan 2026 2:57 PM IST

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ആറ് സീറ്റിലാണ് വിജയിച്ചത്

പട്‌ന: നിയമസഭ തെരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പിന്നാലെ ബിഹാറിലെ കോൺഗ്രസിന് തലവേദനയായി എംഎൽഎമാരുടെ കൂറുമാറ്റ ഭീഷണി. കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച ആറ് എംഎൽഎമാരും നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡിൽ ചേർന്നേക്കുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. കൂറുമാറ്റം നടന്നാൽ 243 അംഗ നിയമസഭയിൽ കോൺഗ്രസിന് ഒരു പ്രതിനിധി പോലും ഇല്ലാത്ത അവസ്ഥയാകും.

പാർട്ടിയുടെ പ്രവർത്തനരീതിയിൽ അതൃപ്തിയുള്ള എംഎൽഎമാർ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാർട്ടി പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. പട്‌നയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന പരമ്പരാഗതമായ 'ദഹി ചൂഡ' വിരുന്നിൽ ആറ് എംഎൽഎ.മാരും പങ്കെടുത്തില്ല. കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്ര സർക്കാറിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിൽ നിന്നും എംഎൽഎമാർ വിട്ടു നിന്നു. എന്നാൽ, ഈ വാർത്തകൾ രാഷ്ട്രീയ പ്രേരിതമാണെന്നും എംഎൽഎമാർ മണ്ഡലത്തിലെ തിരക്കിലായതിനാലാണ് വരാതിരുന്നതെന്നുമായിരുന്നു ഔദ്യോഗിക കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ആറ് സീറ്റിലാണ് വിജയിച്ചത്.

കോൺഗ്രസ് എംഎൽഎ.മാരെ സ്വന്തം പാളയത്തിലെത്തിച്ച് നിയമസഭയിൽ ബിജെപി.യെക്കാൾ വലിയ പാർട്ടിയായി മാറാനാണ് നിതീഷ് കുമാറിന്റെ നീക്കം. നിലവിൽ 89 സീറ്റുകളുമായി ബിജെപിയാണ് വലിയ പാർട്ടി. ജെഡിയുവിന് 85 സീറ്റുകളാണുള്ളത്.നിതീഷ് കുമാറിന്റെ പഴയ വിശ്വസ്തനായിരുന്ന ആർസിപി സിംഗ് വീണ്ടും ജെഡിയുവിലേക്ക് മടങ്ങിയെത്തുമെന്ന സൂചനകളും ശക്തമാണ്. അടുത്തിടെ നടന്ന കുർമി സമ്മേളനത്തിൽ നിതീഷ് കുമാറിനൊപ്പം ആർപി സിംഗും പങ്കെടുത്തിരുന്നു.

എൻഡിഎക്കുള്ളിലും കാര്യങ്ങൾ അത്ര സുഖകരമല്ല. സഖ്യകക്ഷിയായ ഉപേന്ദ്ര കുഷ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ചയിലെ നാലിൽ മൂന്ന് എംഎൽഎ.മാരും ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമാണ്. കുഷ്വാഹ തന്റെ മകനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതാണ് എംഎഎൽഎമാരെ ചൊടിപ്പിച്ചത്.

Similar Posts