< Back
India
മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കി വാളുകൾ വിതരണം ചെയ്തു; ആറ് ഹിന്ദു രക്ഷാദൾ പ്രവർത്തകർ അറസ്റ്റിൽ
India

മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കി വാളുകൾ വിതരണം ചെയ്തു; ആറ് ഹിന്ദു രക്ഷാദൾ പ്രവർത്തകർ അറസ്റ്റിൽ

Web Desk
|
30 Dec 2025 11:23 AM IST

ഹിന്ദു രക്ഷാദൾ പ്രസിഡന്റ് ഭൂപേന്ദ്ര ചൗധരി എന്ന പിങ്കി ഉൾപ്പടെ 17 ഭാരവാഹികൾ കേസിൽ പ്രതികളാണ്

ഗസിയാബാദ്: മുസ് ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി വീടുകൾ കയറി വാളുകൾ വിതരണം ചെയ്ത ആറ് ഹിന്ദുരക്ഷാദൾ പ്രവർത്തകർ പിടിയിൽ. ഉത്തർപ്രദേശിലെ ഷാലിമാർ ഗാർഡൻ കോളനിയിലാണ് സംഘം വീടുകൾ കയറി രണ്ട് ഡസനിലധികം വാളുകൾ വിതരണം ചെയ്തത്. ഹിന്ദു രക്ഷാദൾ പ്രസിഡന്റ് ഭൂപേന്ദ്ര ചൗധരി എന്ന പിങ്കി ഉൾപ്പടെ 17 ഭാരവാഹികൾ കേസിൽ പ്രതികളാണ്.

കോളനിയിൽ പ്രകടനം നടത്തിയ സംഘത്തിന്റെ രഹസ്യകേന്ദ്രങ്ങളിൽ പൊലീസ് പരിശോധന തുടരുകയാണെന്ന് ഡിസിപി നിമീഷ് പട്ടീൽ പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ 191(2)(കലാപമുണ്ടാക്കൽ), 191(3)(കലാപമുണ്ടാക്കൽ, മാരകായുധം കൈയ്യിൽ കരുതൽ, മരണത്തിന് കാരണമാവുന്ന രീതിയിൽ അത് ഉപയോഗിക്കുക) 127(2) (അന്യായമായി തടങ്കിൽ വെക്കുക) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഹിന്ദു അനുകൂല മുദ്രാവാവാക്യവും മുസ്ലിം വിരുദ്ധ മുദ്രാവാക്യവും മുഴക്കി സംഘം വീടുകൾ കയറി ആയുധം വിതരണം ചെയ്യുകയായിരുന്നു. 'സൗഹാർദ്ദവും നിയമവ്യവസ്ഥയും തകർക്കാൻ ഒരു സംഘടനയെയും അനുവദിക്കില്ല, പ്രതികളെ മുഴുവൻ ഉടൻ പിടികൂടു'മെന്നും ഡിസിപി പാട്ടീൽ പറഞ്ഞു.

അതിനിടെ ഹിന്ദുരക്ഷാ ദൾ പ്രസിഡന്റ് ഭൂപേന്ദ്ര ചൗധരിയുടെ ഒരു വിഡിയോ സന്ദേശം പുറത്തുവന്നിട്ടുണ്ട്. 'ഹിന്ദു കുടുംബങ്ങളെ ആക്രമിക്കുകയും ഹിന്ദു പെൺകുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കുകയും ചെയ്യുന്ന മുസ്ലിങ്ങളെ നേരിടാൻ 250 ആയുധങ്ങൾ ആളുകൾക്ക് വിതരണം ചെയ്തിട്ടുണ്ട്. മുസ്ലിങ്ങളെ നേരിടാൻ ആയുധങ്ങൾ കൈയ്യിൽ കരുതണം. ഹിന്ദു സമൂഹത്തെ സഹായിക്കാൻ ഹിന്ദു രക്ഷാദൾ ഉണ്ടെ'ന്നും വിഡിയോയിൽ പറയുന്നുണ്ട്.

Similar Posts