< Back
India
അച്ഛനെ കൊലപ്പെടുത്താൻ പാമ്പിനെ കൊണ്ട് രണ്ട് തവണ കടിപ്പിച്ചു; ആദ്യം മൂർഖനെ കൊണ്ട് കാലിൽ കടുപ്പിച്ചു, പിന്നീട് കഴുത്തിലും; ലക്ഷ്യം കോടികളുടെ ഇൻഷുറൻസ് തുക
India

അച്ഛനെ കൊലപ്പെടുത്താൻ പാമ്പിനെ കൊണ്ട് രണ്ട് തവണ കടിപ്പിച്ചു; ആദ്യം മൂർഖനെ കൊണ്ട് കാലിൽ കടുപ്പിച്ചു, പിന്നീട് കഴുത്തിലും; ലക്ഷ്യം കോടികളുടെ ഇൻഷുറൻസ് തുക

Web Desk
|
21 Dec 2025 3:55 PM IST

രണ്ട് മക്കൾ ഉൾപ്പടെ ആറു പേർ പൊലീസ് പിടിയിൽ

ചെന്നൈ:ഇൻഷൂറൻസ് തുക തട്ടാൻ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ രണ്ട് മക്കൾ ഉൾപ്പടെ ആറുപേർ പിടിയിൽ. അച്ഛന്റെ പേരിലുള്ള ഇൻഷുറൻസ് തുക തട്ടാനാണ് ഇത്തരമൊരു പദ്ധതി മക്കളുടെ നേതൃത്വത്തിൽ നടപ്പാക്കിയത്. മക്കളായ മോഹൻരാജ് (29) ഹരിഹരൻ (27) ഇവരെ സഹായിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത ബാലാജി (28), പ്രശാന്ത് (35),ദിനകരൻ (43), നവീൻകുമാർ (28) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇൻഷുറൻസ് കമ്പനി ജീവനക്കാർക്ക് തോന്നിയ സംശയമാണ് സംഭവം പുറത്താക്കിയത്.

ചെന്നൈക്കടുത്തുള്ള തിരുവള്ളൂർ പോത്താറ്റൂർ പേട്ട സ്വദേശിയും സർക്കാർ സ്‌കൂളിലെ ലബോർട്ടറി അസിസ്റ്റന്റുമായിരുന്ന ഇ.പി. ഗണേശനാണ് ഒക്ടോബർ 22 ന് പാമ്പ് കടിയേറ്റ് മരിച്ചത്. അച്ഛൻ പാമ്പ് കടിയേറ്റ് മരിച്ചു എന്നു പറഞ്ഞ് മകൻ മോഹൻരാജ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അപകടമരണത്തിന് കേസ് എടുത്തിരുന്നു. അച്ഛനെ കടിച്ച പാമ്പിനെ വീടിനകത്ത് വെച്ചു തന്നെ മക്കൾ കൊല്ലുകയും ചെയ്തിരുന്നു. മരണം കഴിഞ്ഞ് ആഴ്ചകളോളം ആർക്കും ഒരു സംശയവും തോന്നിയിരുന്നില്ല. ഗണേശന്റെ ഇൻഷുറൻസ് തുകക്ക് വേണ്ടി മക്കൾ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചതോടെയാണ് ഇവരുടെ പദ്ധതികൾ മുഴുവൻ പാളിയത്.

ഗണേശന്റെ മരണത്തിൽ സംശയം തോന്നിയ ഇൻഷുറൻസ് കമ്പനി നോർത്ത് സോൺ പൊലീസ് ഐജിക്ക് പരാതി നൽകി. പരാതി ലഭിച്ചതിന് പിന്നാലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജയശ്രീയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. അന്വേഷണത്തിനൊടുവിലാണ് മക്കൾ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ കൊലപ്പെടുത്തിയതാണെന്ന് വിവരം പുറത്തുവന്നത്. രണ്ട് ദിവസങ്ങളിലായാണ് ഇവർ അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

ആദ്യം മൂർഖനെ കൊണ്ടുവന്ന് അച്ഛന്റെ കാലിൽ കടിപ്പിച്ചു. എന്നാൽ, മരിച്ചില്ല. ഇതോടെ മറ്റൊരു ദിവസം വേറൊരു പാമ്പിനെ കൊണ്ടുവന്ന് ഗണേശന്റെ കഴുത്തിന് കടിപ്പിക്കുകയായിരുന്നു. പാമ്പ് കടിച്ചതിന് പിന്നാലെ അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഇയാളെ മക്കൾ ആശുപത്രിയിലേക്ക് എത്തിച്ചില്ലെന്നും അന്വേഷണത്തിൽ മനസ്സിലായി. ഗണേശൻ മരിച്ച ഉടൻ വീടിനുള്ളിൽ വെച്ച് പാമ്പിനെ കൊലപ്പെടുത്തി ഇവർ ഒരു കഥ മെനയുകയും ചെയ്തു.

Similar Posts