< Back
India
ഉത്തർപ്രദേശിൽ എംആർഐ സ്‌കാനിങ്ങിനിടെ ആറ് വയസുകാരന് ദാരുണാന്ത്യം
India

ഉത്തർപ്രദേശിൽ എംആർഐ സ്‌കാനിങ്ങിനിടെ ആറ് വയസുകാരന് ദാരുണാന്ത്യം

അഹമ്മദലി ശര്‍ഷാദ്
|
13 Feb 2026 10:07 AM IST

സ്‌കാനിങ്ങിന് മുമ്പ് അമിതമായ അളവിൽ മരുന്ന് കുത്തിവെച്ചതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ എംആർഐ സ്‌കാനിങ്ങിനിടെ ആറ് വയസുകാരന് ദാരുണാന്ത്യം. ഡങ്കൗറിലെ റീൽഖയിൽ താമസിക്കുന്ന പ്രശാന്ത് കസാനയുടെ മകനാണ് സ്വകാര്യ ഡയഗ്നോസ്റ്റിസ് സെന്ററിൽ മരിച്ചത്. സെക്ടർ പി3ലെ കെ.ബി ഹെൽത്ത്‌കെയർ സെന്ററിലാണ് സംഭവം.

എംആർഐ സ്‌കാനിങ്ങിന് മുമ്പ് കുട്ടിക്ക് കുത്തിവെപ്പ് നൽകിയിരുന്നു. തുടർന്ന് സ്‌കാനിങ്ങിനിടെ ആരോഗ്യനില മോശമായി, പിന്നാലെ കുട്ടി ബോധരഹിതനാവുകയും ചെയ്തു. സ്‌കാനിങ്ങിന് മുമ്പ് അമിതമായ അളവിൽ മരുന്ന് കുത്തിവെച്ചതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.

കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ചും മെഡിക്കൽ റിപ്പോർട്ടിനെ കുറിച്ചും ചോദിച്ചപ്പോൾ ക്ലിനിക് കൃത്യമായ മറുപടി നൽകിയില്ലെന്നും കുടുംബം ആരോപിക്കുന്നു. കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നാലെ കുട്ടി മരിക്കുകയും ചെയ്തു.

ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ ഗ്രാമവാസികളും തൊഴിലാളികളും ക്ലിനിക്കിന് മുന്നിൽ പ്രതിഷേധിച്ചു. വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് കുട്ടിയെ ക്ലിനിക്കിൽ എത്തിച്ചത്. അപ്പോൾ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായിരുന്നുവെന്ന് ഭാരതീയ കിസാൻ യൂണിയൻ വക്താവ് പവൻ ഖതാന പറഞ്ഞു. കുട്ടിക്ക് നൽകിയ മരുന്നിന്റെ അളവ് ഡോക്ടർമാർ വെളിപ്പെടുത്തിയിട്ടില്ല. ഗ്രേറ്റർ നോയിഡയിൽ ഇത്തരത്തിലുള്ള നിരവധി അനധികൃത സ്‌കാനിങ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ഖതാന പറഞ്ഞു.

Similar Posts