< Back
India
അറുത്ത പശുവിന്റെ അവശിഷ്ടം റോഡിൽ; ഉഡുപ്പിയില്‍ ആറ് പേർ അറസ്റ്റിൽ
India

അറുത്ത പശുവിന്റെ അവശിഷ്ടം റോഡിൽ; ഉഡുപ്പിയില്‍ ആറ് പേർ അറസ്റ്റിൽ

Web Desk
|
1 July 2025 8:19 AM IST

റാം, പ്രസാദ്, സന്ദേശ്, രാജേഷ്, നവീൻ,കേശവ് നായിക് എന്നിവരാണ് പിടിയിലായത്

മംഗളൂരു: ഉഡുപ്പി ജില്ലയിലെ ബ്രഹ്മാവർ കുഞ്ചാലു ജംഗ്ഷന് സമീപം പശുവിനെ കശാപ്പ് ചെയ്ത സംഭവത്തിൽ ഉഡുപ്പി ജില്ല പൊലീസ് ആറ് പേരെ അറസ്റ്റ് ചെയ്തു. ബ്രഹ്മാവർ താലൂക്കിലെ കുഞ്ഞാലു സ്വദേശികളായ റാം (49), പ്രസാദ് (21), സന്ദേശ് (35), രാജേഷ് (28), ഹണ്ടാഡി ഗ്രാമത്തിലെ മടാപാടി സ്വദേശി നവീൻ (35), കുഞ്ചാലുവിലെ അഡ്ജില സ്വദേശി കേശവ് നായിക് (50) എന്നിവരാണ് അറസ്റ്റിലായത്. ഒരു പ്രതി ഒളിവിലാണെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ഹരിയം ശങ്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബ്രഹ്മവർ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നാല് പ്രത്യേക സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത് പ്രതികളെ കണ്ടെത്തുന്നതിൽ നിർണായക പങ്ക് വഹിച്ചെന്ന് പൊലീസ് പറയുന്നു. പ്രതിയായ കേശവ് നായികാണ് മറ്റൊരു പ്രതിക്ക് പശുവിനെ നല്‍കിയത്. പരിപാലിക്കാൻ കഴിയില്ലെന്ന് പറഞ്ഞിനെത്തുടര്‍ന്നാണ് പശുവിനെ അറുത്തത്. എന്നാല്‍ അവശിഷ്ടങ്ങള്‍ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ റോഡിലേക്ക് വീഴുകയായിരുന്നു.പ്രതികള്‍ ഉപയോഗിച്ച ഇരുചക്ര വാഹനവും കാറും തെളിവായി പിടിച്ചെടുത്തിട്ടുണ്ട്. ആറ് പ്രതികളും നിലവിൽ കസ്റ്റഡിയിലാണ്, ഒളിവിൽ പോയ പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

സംഭവം ജനങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ബിജെപി എംഎൽഎ യശ്പാൽ സുവർണ്ണ പറഞ്ഞു.കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഐക്യത്തോടെ ജീവിച്ചിരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സംഭവമെന്ന് സംശയിക്കുന്നതായി നൂർ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ജുമാ മസ്ജിദ് കമ്മിറ്റി പ്രതിനിധികൾ ബ്രഹ്മവാര പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഷബീർ, വൈസ് പ്രസിഡന്റ് സുജിദ് ഖാൻ തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.

Similar Posts