< Back
India
ട്രാൻസ്‌ജെൻഡർ നിർണയം മെഡിക്കൽ ബോർഡിന്; അവകാശസംരക്ഷണ ഭേദഗതി ബിൽ ലോക്‌സഭയിൽ
India

'ട്രാൻസ്‌ജെൻഡർ നിർണയം മെഡിക്കൽ ബോർഡിന്'; അവകാശസംരക്ഷണ ഭേദഗതി ബിൽ ലോക്‌സഭയിൽ

Web Desk
|
14 March 2026 3:59 PM IST

കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ വകുപ്പ് മന്ത്രി വീരേന്ദ്രകുമാറാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്

ന്യൂഡൽഹി: വ്യത്യസ്ത ലൈംഗിക ആഭിമുഖ്യങ്ങളും സ്വയം തിരിച്ചറിഞ്ഞ ലൈംഗിക സ്വത്വങ്ങളും ഉള്ളവരെ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ഗണത്തിൽ പെടുത്തില്ലെന്ന സുപ്രധാന ഭേദഗതിയുമായി ട്രാൻസ്‌ജെൻഡർ അവകാശസംരക്ഷണ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. മെഡിക്കൽ ബോർഡാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ വകുപ്പ് മന്ത്രി വീരേന്ദ്രകുമാറാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്.

ബില്ലിലെ വ്യവസ്ഥയനുസരിച്ച് കിന്നർ, ഹിജഡ, അരവാണി തുടങ്ങിയ വിഭാഗങ്ങളെയും ജനിതകപരമായോ ശാരീരികമായോ വ്യത്യാസങ്ങളുള്ളവരെയുമാണ് ഇനി മുതൽ ട്രാൻസ്‌ജെൻഡർ നിർവചനത്തിൽ ഉൾപ്പെടുത്തുക. 'സ്വയം തിരിച്ചറിയുന്ന ലിംഗസ്വത്വങ്ങളെ' ഇതിൽ നിന്ന് പൂർണമായും ഒഴിവാക്കിയെന്നതാണ് ശ്രദ്ധേയം.

ഈ നിർവചനപ്രകാരം ട്രാൻസ്‌ജെൻഡർ വ്യക്തിയായി അംഗീകാരം നൽകുന്നതിന് ജില്ലാ മജിസ്‌ട്രേറ്റിന് പുറമേ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കോ കേന്ദ്രഭരണപ്രദേശങ്ങൾക്കോ കീഴിലുള്ള ചീഫ് മെഡിക്കൽ ഓഫീസറുടെയോ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസറുടെയോ നേതൃത്വത്തിൽ ഒരു മെഡിക്കൽ ബോർഡിനെ അതോറിറ്റിയായി ചുമതലപ്പെടുത്തും.

നിലവിലുള്ള ബില്ലിലെ സെക്ഷൻ ആറിലാണ് ഇതിനായി ഭേദഗതി വരുത്തിയത്. സെക്ഷൻ 6 (4) പ്രകാരം ട്രാൻസ്‌ജെൻഡർ വ്യക്തിയായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വ്യക്തിക്ക് ജനനസർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ ഔദ്യോഗിക രേഖകളിലും ആദ്യനാമത്തിൽ മാറ്റം വരുത്താനാകും. ശസ്ത്രക്രിയയിലൂടെയുള്ള ലിംഗമാറ്റത്തിന് മെഡിക്കൽ സ്ഥാപനങ്ങൾ നിർബന്ധമായും വിശദാംശങ്ങൾ ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറണമെന്നും ഭേദഗതിയിൽ നിർദേശമുണ്ട്.

സർക്കാരിന്റെ ഈ നീക്കത്തെ ട്രാൻസ്ജെൻഡർ സമൂഹം ശക്തമായി അപലപിച്ചു. നിർദിഷ്ട ഭേദഗതികൾ ട്രാൻസ്ജെൻഡർ വ്യക്തിത്വം അംഗീകരിച്ച 2014-ലെ ചരിത്രപ്രധാനമായ നാൽസ വിധിക്ക് വിരുദ്ധമാണെന്നും, ഇത് വ്യക്തികളുടെ 'ശാരീരിക സ്വയംഭരണാവകാശം' ഇല്ലാതാക്കുമെന്നും ഇവർ പറയുന്നു.

ബലപ്രയോഗത്തിലൂടെയോ ചതിയിലൂടെയോ ഭീഷണിപ്പെടുത്തിയോ ഒരാളെ ട്രാൻസ്‌ജെൻഡർ സ്വത്വം സ്വീകരിക്കാൻ നിർബന്ധിക്കുന്നവർക്ക് കടുത്ത ശിക്ഷ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമോ തൊഴിൽ പരമോ ആയ ചൂഷണത്തിനായി സ്വത്വങ്ങൾ അടിച്ചേൽപ്പിക്കുന്നവർക്ക് 10 വർഷം മുതൽ ജീവപര്യന്തം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

Similar Posts