
കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്; സർക്കാർ നീക്കം ആസ്ത്രേലിയൻ മാതൃകയിൽ
|16 വയസിന് താഴെയുള്ളവരുടെ സോഷ്യല്‍മീഡിയ ഉപയോഗം കഴിഞ്ഞ മാസം മുതല്‍ ആസ്‌ത്രേലിയ വിലക്കിയിരുന്നു
ഡാവോസ്: 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍മീഡിയ ഉപയോഗം വിലക്കാനൊരുങ്ങി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. നിയമം പ്രാബല്യത്തിൽ വരുത്തുന്നതിനായുള്ള ആലോചനകളും നീക്കങ്ങളും ആരംഭിച്ചതായി ആന്ധ്രാപ്രദേശ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്‍റ് മന്ത്രി നാരാ ലോകേഷ് വ്യക്തമാക്കി. സ്വിറ്റ്‌സര്‍ലന്റിലെ മാധ്യമസ്ഥാപനമായ ബ്ലൂംബര്‍ഗിനോട് സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.
'16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗം തടയുന്നതിന് നിയമപരമായി ഒരുപാട് കടമ്പകള്‍ കടന്നുപോകേണ്ടതുണ്ട്. സമീപകാലത്ത് സമാനമായ നിയമം പ്രാബല്യത്തില്‍ വരുത്തിയ ആസ്‌ത്രേലിയന്‍ സര്‍ക്കാരിന്റെ നീക്കങ്ങളെ കുറിച്ച് സര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്'. മന്ത്രി പറഞ്ഞു.
'ചെറുപ്രായത്തിലേ സോഷ്യല്‍മീഡിയ ഉപയോഗം കുട്ടികളുടെ വളര്‍ച്ചയില്‍ അത്ര സുഖകരമായല്ല ബാധിക്കുന്നത്. പ്രായഭേദമന്യേ തങ്ങളുടെ മുന്‍പിലെത്തുന്ന കണ്ടന്റുകളെ എപ്രകാരമാണ് അവര്‍ മനസിലാക്കുകയെന്നത് വളരെ പ്രധാനമാണ്'. ആന്ധ്രാപ്രദേശ് മന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രി സൂചിപ്പിച്ചത് പോലെ സോഷ്യല്‍മീഡിയ നിരോധനം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി ആന്ധ്രാപ്രദേശ് മാറും.
16 വയസിന് താഴെയുള്ളവരുടെ സോഷ്യല്‍മീഡിയ ഉപയോഗം കഴിഞ്ഞ മാസം മുതല്‍ ആസ്‌ത്രേലിയ വിലക്കിയിരുന്നു. 16 വയസിന് താഴെയുള്ളവരെ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വിലക്കിയില്ലെങ്കില്‍ കമ്പനികള്‍ 4.95 കോടി ഡോളര്‍ പിഴയടക്കേണ്ടിവരും.
ഇതിനകം, വന്‍കിട ടെക് കമ്പനികളും അഭിപ്രായ സ്വാതന്ത്രത്തിനായി വാദിക്കുന്നവരും ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നെങ്കിലും കുട്ടികളുടെ സുരക്ഷയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരുടേയും രക്ഷിതാക്കളുടേയും വലിയ പിന്തുണ ഈ നീക്കത്തിനുണ്ട്. ഡിസംബര്‍ പത്ത് മുതലാണ് നിരോധനം നടപ്പാവുക. കമ്പനികള്‍ ഇതിനകം അക്കൗണ്ടുകള്‍ നീക്കം ചെയ്തുതുടങ്ങിയിട്ടുണ്ട്.