< Back
India
son elopes_attack against mother
India

മകൻ പെൺകുട്ടിയുമായി ഒളിച്ചോടി; അമ്മയെ നഗ്നയാക്കി തൂണിൽ കെട്ടിയിട്ട് മർദിച്ച് ബന്ധുക്കൾ

Web Desk
|
11 Dec 2023 7:14 PM IST

റോഡിൽ വെച്ച് വസ്ത്രം വലിച്ചുകീറിയ പെൺകുട്ടിയുടെ ബന്ധുക്കൾ 42കാരിയെ നഗ്നയാക്കി പരേഡ് ചെയ്യിക്കുകയും ചെയ്‌തു

ബെംഗളൂരു: വീട്ടമ്മയെ നഗ്നയാക്കി തൂണിൽ കെട്ടിയിട്ട് കൂരാമർദനം. കർണ്ണാടകയിലെ ബെലഗാവിയിലെ ഒരു ഗ്രാമത്തിലാണ് 42കാരിയെ വീട്ടിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദിച്ചത്. ഇവരുടെ മകൻ ഒരു പെൺകുട്ടിയുമായി ഒളിച്ചോടിയതായിരുന്നു ആക്രമണത്തിന് കാരണം. പെൺകുട്ടിയുടെ ബന്ധുക്കളാണ് വീടുകയറി ആക്രമിച്ചത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.

യുവതിയുടെ മകനും 18 വയസുള്ള പെൺകുട്ടിയും കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇരുവരും ഗ്രാമത്തിൽ നിന്ന് ഒളിച്ചോടുകയായിരുന്നു. വിവരമറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിന്റെ വീട്ടിലെത്തി അമ്മയെ വലിച്ചിഴച്ച് പുറത്തെത്തിച്ചു. തുടർന്ന് റോഡിൽ വെച്ച് വസ്ത്രം വലിച്ചുകീറുകയും സമീപത്തെ തൂണിൽ കെട്ടിയിട്ട് മർദിക്കുകയുമായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കക്കത്തി പൊലീസാണ് യുവതിയെ രക്ഷിച്ചത്. വസ്ത്രങ്ങൾ നൽകിയ ശേഷം പോലീസ് യുവതിയെ ബെലഗാവിയിലെ കെഎൽഇ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ കുടുംബത്തിലെ പതിനഞ്ചോളം അംഗങ്ങളാണ് വീടുകയറി അക്രമം നടത്തിയത്.

സംഭവം നടന്ന് മൂന്ന് മണിക്കൂറിനുള്ളിൽ ഏഴ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഗ്രാമം സന്ദർശിച്ച കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വർ ഇത് മനുഷ്യത്വരഹിതമായ സംഭവമാണെന്ന് പ്രതികരിച്ചു.

Similar Posts