< Back
India

India
സാമ്പാറിന് എരിവ് കൂടിയതിന് വഴക്ക് പറഞ്ഞു; അച്ഛനെ മകൻ കൊലപ്പെടുത്തി
|20 Oct 2023 7:15 PM IST
വഴക്ക് പറഞ്ഞതിൽ പ്രകോപിതനായ ദർശൻ മരത്തടി ഉപയോഗിച്ച് പിതാവിനെ മർദിക്കുകയായിരുന്നു
വിരാജ്പേട്ട: സാമ്പാറിന് എരിവ് കൂടിയതിന് വഴക്ക് പറഞ്ഞ പിതാവിനെ മകൻ കൊലപ്പെടുത്തി. കർണാടക വിരാജ്പേട്ടയിലെ നംഗല ഗ്രാമത്തിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. സി കെ ചിട്ടിയപ്പ (63) ആണ് മരിച്ചത്. ഇയാളുടെ മകൻ ദർശൻ തമ്മയ്യയെ (38) പൊലീസ് അറസ്റ്റ് ചെയ്തു.
ചിട്ടിയപ്പയുടെ ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. മൂത്തമകനും മരുമകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബന്ധുവീട്ടിൽ പോയിരുന്നു. അതിനാൽ ഇളയ മകൻ ദർശനാണ് ഭക്ഷണം തയാറാക്കിയിരുന്നത്. ദർശൻ ഉണ്ടാക്കിയ സാമ്പാറിൽ എരിവ് കൂടിയതിനാൽ ചിട്ടിയപ്പ മകനെ വഴക്കു പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായ ദർശൻ മരത്തടി ഉപയോഗിച്ച് പിതാവിനെ മർദിക്കുകയായിരുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ചിട്ടിയപ്പ മരിക്കുകയായിരുന്നു. സംഭവത്തിൽ വിരാജ്പേട്ട റൂറൽ പൊലീസ് കേസെടുത്തു.

