< Back
India
വാങ്ചുക്കിന്റെ അറസ്റ്റ് ദൗർഭാഗ്യകരം, എന്തുകൊണ്ടാണ് വാഗ്ദാനങ്ങളിൽ നിന്ന് ബിജെപി പിന്നാക്കം പോയത്: ഉമര്‍ അബ്ദുള്ള

ഉമര്‍ അബ്ദുള്ള- ഫോട്ടോ | PTI

India

'വാങ്ചുക്കിന്റെ അറസ്റ്റ് ദൗർഭാഗ്യകരം, എന്തുകൊണ്ടാണ് വാഗ്ദാനങ്ങളിൽ നിന്ന് ബിജെപി പിന്നാക്കം പോയത്': ഉമര്‍ അബ്ദുള്ള

Web Desk
|
27 Sept 2025 12:12 PM IST

''ലഡാക്കിന് സംസ്ഥാന പദവി എന്ന വാഗ്ദാനം നല്‍കിയ ശേഷം എന്തുകൊണ്ടാണ് പിന്നെ കേന്ദ്രസര്‍ക്കാര്‍ പിന്നാക്കം പോയതെന്ന് മനസിലാകുന്നില്ല''

കശ്മീര്‍: ലഡാക്ക് സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളുടെ പേരിൽ വാങ്ചുകിനെ അറസ്റ്റ് ചെയ്തത് ദൗർഭാഗ്യകരമാണെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള. സംഭവത്തില്‍ ബിജെപിയെ കടന്നാക്രമിച്ച ഉമര്‍ അബ്ദുള്ള, ജമ്മു കശ്മീരിനും ലഡാക്കിനും സംസ്ഥാന പദവി സംബന്ധിച്ച വാഗ്ദാനങ്ങളിൽ നിന്ന് എന്തുകൊണ്ട് പിന്നാക്കം പോയെന്നും ചോദിച്ചു.

''വാങ്ചുകിന്റെ അറസ്റ്റ് നിർഭാഗ്യകരമാണ്. കഴിഞ്ഞ ദിവസം മുതൽ കേന്ദ്ര സർക്കാർ അദ്ദേഹത്തെ പിന്തുടർന്ന രീതി നോക്കുമ്പോൾ, ഇങ്ങനെ ചെയ്യുമെന്ന് നേരത്തെ തന്നെ തോന്നിയിരുന്നു. സംസ്ഥാന പദവി എന്ന വാഗ്ദാനം നല്‍കിയ ശേഷം എന്തുകൊണ്ടാണ് പിന്നെ കേന്ദ്രസര്‍ക്കാര്‍ പിന്നാക്കം പോയതെന്ന് മനസിലാകുന്നില്ല''- ഉമര്‍ അബ്ദുള്ള വ്യക്തമാക്കി.

ബിജെപിയെ അധികാരത്തിലേറ്റാത്തതുകൊണ്ടാണോ ജമ്മു കശ്മീരിലെ ജനങ്ങളെ സംസ്ഥാന പദവിയിൽ നിന്ന് അകറ്റി നിർത്തപ്പെടുന്നത്, ഇതാണ് നിലപാടെങ്കില്‍ ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ സുരക്ഷാ നിയമപ്രകാരം വെള്ളിയാഴ്ചയാണ് വാങ്ചുക്കിനെ അറസ്റ്റ് ചെയ്യുന്നത്. കലാപത്തിലേക്ക് ജനങ്ങളെ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ലേയിൽ വച്ചാണ് സോനം വാങ് ചുക് അറസ്റ്റിലായത്. കേന്ദ്ര അന്വേഷണ ഏജൻസികൾ സോനം വാങ് ചുകിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ലഡാക്കിലെ പ്രക്ഷോഭം നടന്ന് രണ്ട് ദിവസത്തിന് ശേഷം സോനം വാങ് ചുകിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

Similar Posts