< Back
India
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ഡൽഹിയിൽ ഇന്ന് നിർണായക ചർച്ചകൾ
India

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ഡൽഹിയിൽ ഇന്ന് നിർണായക ചർച്ചകൾ

Web Desk
|
29 Sept 2022 6:16 AM IST

ഔദ്യോഗിക സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന മുതിർന്ന നേതാവ് ദിഗ് വിജയ് സിങ് സോണിയ ഗാന്ധിയെ കാണും

ഡല്‍ഹി: നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് നിർണായക ചർച്ചകൾ. ഔദ്യോഗിക സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന മുതിർന്ന നേതാവ് ദിഗ് വിജയ് സിങ് സോണിയ ഗാന്ധിയെ കാണും. അശോക് ഗെഹ്ലോട്ടും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ട്.

നാളെയാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ ദിഗ് വിജയ് സിങ് ഔദ്യോഗിക സ്ഥാനാർത്ഥിയാകും എന്നാണ് വിവരം. കേരളത്തിൽ നിന്ന് ഡൽഹിയിലെത്തിയ ദിഗ് വിജയ് സിങ് സോണിയ ഗാന്ധിയെ നേരിൽ കാണും. ചർച്ചകൾക്കായി എ.കെ ആന്‍റണിയും ഡൽഹിയിൽ തുടരുകയാണ്. രാജസ്ഥാനിലെ സാഹചര്യം വ്യക്തമാക്കാൻ അശോക് ഗെഹ്ലോട്ടും സോണിയ ഗാന്ധിയോട് കൂടിക്കാഴ്ചയ്ക്ക് സമയം തേടി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ഗെഹ്ലോട്ട് ഇപ്പോഴും തയ്യാറാണ്.

രാജസ്ഥാനിലെ വിഷയങ്ങളിൽ തീരുമാനം എടുക്കാനുള്ള അധികാരം ഹൈക്കമാൻഡിന് നൽകിയാൽ ഒരു പക്ഷെ വീണ്ടും ഗെഹ്ലോട്ടിനെ പരിഗണിക്കാം. മത്സരിക്കാൻ ഒരുങ്ങുന്ന ശശി തരൂരും പ്രതീക്ഷയിലാണ്. പല കോണിൽ നിന്നും പിന്തുണ ലഭിക്കുന്നു എന്നാണ് തരൂർ വ്യക്തമാക്കുന്നത്. സ്ഥാനാർഥികൾ എല്ലാം നാളെയാകും നാമനിർദേശ പത്രിക നൽകുക.

Similar Posts