< Back
India
ചോദ്യം ചെയ്യൽ മാറ്റിവെക്കണം; ഇ.ഡിയ്ക്ക് കത്ത് നൽകി സോണിയ ഗാന്ധി
India

ചോദ്യം ചെയ്യൽ മാറ്റിവെക്കണം; ഇ.ഡിയ്ക്ക് കത്ത് നൽകി സോണിയ ഗാന്ധി

Web Desk
|
22 Jun 2022 4:38 PM IST

കോവിഡാനന്തര അസുഖങ്ങളുടെ ചികിത്സക്കുശേഷം കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വിശ്രമത്തിലാണ് സോണിയാ ഗാന്ധി

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ചാദ്യംചെയ്യൽ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധി ഇ.ഡിയ്ക്ക് കത്ത് നൽകി. വ്യാഴാഴ്ച ഹാജരാകണമെന്ന് കാണിച്ച് ഇഡി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ആരോഗ്യകാരണം ചൂണ്ടിക്കാട്ടിയാണ് സോണിയാ ഗാന്ധി ചോദ്യം ചെയ്യലിന് എത്തില്ലെന്ന് കത്ത് നൽകിയിരിക്കുന്നത്.

കോൺഗ്രസ് വക്താവ് ജയറാം രമേശാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ സോണിയാഗാന്ധി നേരിടുന്നുണ്ട്. ചോദ്യംചെയ്യൽ കുറച്ച് ആഴ്ചകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ഇ.ഡിയ്ക്ക് കത്തയച്ചിട്ടുണ്ട്. സോണിയാഗാന്ധി ആരോഗ്യം വീണ്ടെടുക്കുന്നതുവരെ ഇളവ് വേണമെന്നാണ് കത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

കോവിഡാനന്തര അസുഖങ്ങളുടെ ചികിത്സക്കുശേഷം കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വിശ്രമത്തിലാണ് സോണിയാ ഗാന്ധി. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ സോണിയക്ക് ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരുന്നു.

കേസിൽ രാഹുൽ ഗാന്ധിയെ ഇന്നലെ 12 മണിക്കൂറാണ് ചോദ്യം ചെയ്തത്. തുടർച്ചയായി ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അര മണിക്കൂർ ഇടവേള ഇഡി രാഹുലിന് നൽകിയിരുന്നു. ശേഷം പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ ഇഡി ഓഫീസിലേക്ക് മടങ്ങി വന്നത്.

Similar Posts