
നൃത്തപരിപാടിക്ക് പിന്നാലെ സൗരവ് ഗാംഗുലിയുടെ ഭാര്യക്കെതിരെ സൈബർ ആക്രമണം; പരാതി നൽകി
|പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ഭാര്യയും പ്രശസ്ത ഒഡിഷ നർത്തകിയുമായ ഡോണ ഗാംഗുലിക്കെതിരെ സൈബർ ആക്രമണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡോണ പൊലീസിൽ പരാതി നൽകി.
കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ ഡോണ ഡാൻസ് അവതരിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങളും വാർത്തകളും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സൈബർ ആക്രമണം ആരംഭിച്ചത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഡോണ ഗാംഗുലി താകുർപുകൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ബുധനാഴ്ച വൈകീട്ട് നൽകിയ പരാതിയിൽ, ഒരു സോഷ്യൽമീഡിയ പേജിലൂടെ തനിക്കെതിരെ ബോഡി ഷേമിങ് പരാമർശം നടത്തുകയും പ്രശസ്തിക്ക് കോട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ അധിക്ഷേപിക്കുകയും ചെയ്യുന്നതായും ഡോണയുടെ പരാതിയിൽ പറയുന്നു. സൈബർ ആക്രമണത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ഫേസ്ബുക്ക് പേജുമായി ബന്ധപ്പെട്ട മൊബൈൽ നമ്പരിനൊപ്പം അധിക്ഷേപകരമായ പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകളും ഡോണ നൽകിയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അധിക്ഷേപ പോസ്റ്റുകളിട്ടവരെ പിടികൂടാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും കുറ്റവാളികളെ തിരിച്ചറിയാൻ പോസ്റ്റുകളും അനുബന്ധ മൊബൈൽ നമ്പരും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.