< Back
India
priyanka gandhi vadra
India

യു.പിയിലെ എസ്.പി ​- കോൺഗ്രസ് ധാരണ: നിർണായകമായത് പ്രിയങ്കയുടെ ഇടപെടൽ

Web Desk
|
21 Feb 2024 9:45 PM IST

അഖിലേഷിനെ ഫോണിൽ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ ഏറെ നാടകീയതകൾക്കൊടുവിലാണ് കോൺഗ്രസും സമാജ് വാദി പാർട്ടിയും ഒരുമിച്ച് മത്സരിക്കാൻ തീരുമാനിച്ചത്. ആകെയുള്ള 80 സീറ്റിൽ 63 ഇടങ്ങളിൽ എസ്.പിയും 17 സീറ്റിൽ കോൺഗ്രസും മത്സരിക്കും.

സീറ്റ് വിഭജനം സംബന്ധിച്ച് എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് ഇടഞ്ഞുനിൽക്കുകയായിരുന്നു. എന്നാൽ, ബുധനാഴ്ച രാവിലെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അഖിലേഷിനെ ഫോണിൽ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്.

ഇത്തവണ ​പ്രിയങ്ക ഗാന്ധിയും യു.പിയിൽ മത്സര രംഗത്തുണ്ട്. മാതാവ് സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽനിന്ന് ലോക്‌സഭയിലേക്ക് ജനവിധി തേടുമെന്നാണ് സൂചന. സോണിയ ഗാന്ധിയെ കഴിഞ്ഞദിവസം രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.

അമേഠി, റായ്ബറേലി, പ്രയാഗ്‌രാജ്, വാരണാസി, മഹാരാജ്‌ഗഞ്ച്, ഡിയോറിയ, ബൻസ്‌ഗാവ്, സീതാപൂർ, അംറോഹ, ബുലന്ദ്‌ഷഹർ, ഗാസിയാബാദ്, കാൺപൂർ, ഝാൻസി, ബരാബങ്കി, ഫത്തേപൂർ സിക്രി, സഹാറൻപൂർ, മഥുര എന്നീ സീറ്റുകളിലാകും കോൺഗ്രസ് മത്സരിക്കുകയെന്നാണ് സൂചന.

11 സീറ്റുകളാണ് കോൺഗ്രസിനായി എസ്.പി ആദ്യം മാറ്റിവെച്ചിരുന്നത്. ആർ.എൽ.ഡി എൻ.ഡി.എയിലേക്ക് പോയതോടെ ഇവർക്കായി മാറ്റിവെച്ച ആറ് സീറ്റ് കൂടി നൽകുന്നതോടെയാണ് 17ലെത്തിയത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉണ്ടായിരുന്ന 21 സീറ്റ് അടക്കം 24 മണ്ഡലങ്ങൾ വേണമെന്നായിരുന്നു കോൺഗ്രസ് നിലപാട്.

ഇത്രയും സീറ്റ് കോൺഗ്രസിന് നൽകാനാവില്ല എന്ന വാശിയിൽ എസ്.പി ഉറച്ചുനിന്നതോടെയാണ് പ്രശ്നപരിഹാരത്തിനായി പ്രിയങ്ക ഗാന്ധി ഇടപെട്ടത്. കോൺഗ്രസും എസ്.പിയും ഒരുമിച്ച് മത്സരിക്കുമെന്നും ഇൻഡ്യ സഖ്യത്തെ ശക്തിപ്പെടുത്തുമെന്നും എസ്.പി നേതാവ് രവിദാസ് മെഹ്‌റോത്ര വ്യക്തമാക്കി.

സീറ്റ് തർക്കം പരിഹരിച്ചതോടെ, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കാൻ അഖിലേഷ് യാദവ് തയാറാകും . സീറ്റ് ധാരണയിൽ എത്താതെ യാത്രയിൽ പങ്കെടുക്കില്ല എന്നായിരുന്നു അഖിലേഷിന്റെ നിലപാട്. ഫെബ്രുവരി 24നോ 25നോ അഖിലേഷ് രാഹുലുമായി വേദി പങ്കിടുമെന്നാണ് കരുതുന്നത്.

Similar Posts