< Back
India
ബാഗേജിനെച്ചൊല്ലി തര്‍ക്കം; സ്പൈസ് ജെറ്റ് ജീവനക്കാര്‍ക്ക് സൈനികന്റെ ക്രൂരമര്‍ദനം
India

ബാഗേജിനെച്ചൊല്ലി തര്‍ക്കം; സ്പൈസ് ജെറ്റ് ജീവനക്കാര്‍ക്ക് സൈനികന്റെ ക്രൂരമര്‍ദനം

Web Desk
|
3 Aug 2025 3:52 PM IST

സൈനികനെ നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും എയര്‍ലൈന്‍ അറിയിച്ചു

ശ്രീനഗര്‍: സ്പൈസ് ജെറ്റ് ജീവനക്കാര്‍ക്ക് സൈനികന്റെ ക്രൂരമര്‍ദനം. അധിക ലഗേജിന് പണമടക്കാനാവശ്യപ്പെട്ടതിനായിരുന്നു മര്‍ദനം. ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് മര്‍ദനമേറ്റത്.

സംഭവത്തില്‍ ശ്രീനഗര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് ഗുരുതര പരിക്ക്. സംഭവത്തില്‍ നാല് സ്‌പൈസ് ജെറ്റ് ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. ജീവനക്കാരുടെ മുഖത്തിനും നട്ടെല്ലിനുമാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജൂലൈ 26നാണ് സംഭവം നടന്നത്. ശ്രീനഗറില്‍ നിന്നും ദില്ലിയിലേക്ക് പോകാനെത്തിയതാണ് യാത്രക്കാരനായ സീനിയര്‍ ആര്‍മി ഓഫീസര്‍. ക്യാബിന്‍ ബാഗേജ് അധികമായതിനാല്‍ പണം നല്‍കണമെന്ന് സൈനികനെ ജീവനക്കാര്‍ അറിയിച്ചു.

എന്നാല്‍, ബോര്‍ഡിങ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെ എയ്‌റോ ബ്രിഡ്ജിലേക്ക് യാത്രക്കാരന്‍ കയറാന്‍ ശ്രമിച്ചു. ഇത് ജീവനക്കാര്‍ തടഞ്ഞു. ഇതോടെ യാത്രക്കാരന്‍ പ്രകോപിതനാവുകയും ജീവനക്കാരെ മര്‍ദിക്കുകയുമായിരുന്നു.

സ്റ്റീല്‍ സൈന്‍ബോര്‍ഡ് ഉപയോഗിച്ചാണ് ജീവനക്കാരെ മര്‍ദിച്ചത്. സൈനികനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും സൈനികനെ നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് സൈനികനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പൈസ് ജെറ്റ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് ഔദ്യോഗികമായി കത്തെഴുതി.

Similar Posts