< Back
India
ട്രംപ് സ്റ്റൈലിൽ യുകെയും; അനധികൃത കുടിയേറ്റം കണ്ടെത്താൻ കർശന പരിശോധന,  ഇന്ത്യൻ റെസ്റ്ററന്റുകളും പട്ടികയിൽ
India

ട്രംപ് സ്റ്റൈലിൽ യുകെയും; അനധികൃത കുടിയേറ്റം കണ്ടെത്താൻ കർശന പരിശോധന, ഇന്ത്യൻ റെസ്റ്ററന്റുകളും പട്ടികയിൽ

Web Desk
|
11 Feb 2025 12:40 PM IST

അറസ്റ്റുകളുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ 73 ശതമാനം വർധനവുണ്ടായി

ലണ്ടൻ: രാജ്യത്ത് അനധികൃത കുടിയേറ്റങ്ങൾ തടയാനുള്ള നിയമങ്ങൾ ശക്തമാക്കി യുകെയും. രാജ്യത്ത് നിയമവിരുദ്ധ ജോലി ചെയ്യുന്നവർക്കെതിരെ വൻതോതിലുള്ള റെയ്ഡുകൾ ലേബര്‍ പാര്‍ട്ടി സർക്കാർ ആരംഭിച്ചു. കുടിയേറ്റ തൊഴിലാളികളെ ജോലിക്കെടുക്കുന്ന ഇന്ത്യൻ റെസ്റ്റോറന്റുകൾ, നെയിൽ ബാറുകൾ, കൺവീനിയൻസ് സ്റ്റോറുകൾ, കാർ വാഷുകൾ എന്നിവിടങ്ങളിലാണ് നടപടി.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത കുടിയേറ്റ നിയന്ത്രണങ്ങളെ അനുസ്‌മരിപ്പിക്കുന്ന രീതിയിലാണ് യുകെ സർക്കാരിന്റെ നീക്കങ്ങൾ. ജനുവരിയിൽ 828 സ്ഥാപനങ്ങളിലാണ് ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തിയത്. ആഭ്യന്തര സെക്രട്ടറി ഇവറ്റ് കൂപ്പറിന്റെ മേൽനോട്ടത്തിലാണ് പരിശോധനകൾ. 609 പേരെയാണ് റെയ്ഡുകളിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച് 48 ശതമാനം വർധനയാണ് പരിശോധനയിൽ ഉണ്ടായിട്ടുള്ളത്.

അറസ്റ്റുകളുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ 73 ശതമാനം വർധനവുണ്ടായി. ഹംബർസൈഡിലെ ഒരു ഇന്ത്യൻ റസ്റ്ററന്‍റിൽ നടത്തിയ പരിശോധനയിൽ മാത്രം ഏഴ് അറസ്റ്റുകൾ രേഖപ്പെടുത്തുകയും നാല് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം ജൂലൈയിൽ ലേബർ പാർട്ടി അധികാരമേറ്റതിനുശേഷം യുകെയിൽ നിന്ന് 19,000 ത്തോളം അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. അനധികൃത കുടിയേറ്റ കുറ്റവാളികളെ പ്രത്യേക ചാർട്ടർ വിമാനങ്ങൾ ഉപയോഗിച്ച് നാടുകടത്താൻ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ നേരത്തെ യുകെ ആഭ്യന്തര മന്ത്രാലയം പുറത്ത് ഇറക്കിയിരുന്നു.

Similar Posts