< Back
India
railway track

പ്രതീകാത്മക ചിത്രം

India

വൈകി വീട്ടിലെത്തി; പത്തു വയസുകാരനെ വിവസ്ത്രനാക്കി കൈകാലുകള്‍ ബന്ധിച്ച് പിതാവ് റെയില്‍വെ ട്രാക്കില്‍ ഉപേക്ഷിച്ചു

Web Desk
|
14 Jun 2023 11:45 AM IST

ഹർദോയ് റെയിൽവേ സ്‌റ്റേഷനു സമീപമുള്ള സീതാപൂർ ഫ്‌ളൈ ഓവറിന് താഴെ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്

ഹര്‍ദോയ്: രാത്രി വൈകി വീട്ടിലെത്തിയതിന് പത്തു വയസുകാരനോട് പിതാവിന്‍റെ ക്രൂരത. കുട്ടിയെ വിവസ്ത്രനാക്കി കൈകാലുകള്‍ ബന്ധിച്ച് പിതാവ് റെയില്‍വെ ട്രാക്കിലുപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം.കൈകാലുകള്‍ പ്ലാസ്റ്റിക് കയറു കൊണ്ടു കെട്ടിയ നിലയില്‍ നഗ്നനായി ഇരിക്കുന്ന കുട്ടിയുടെ ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഹർദോയ് റെയിൽവേ സ്‌റ്റേഷനു സമീപമുള്ള സീതാപൂർ ഫ്‌ളൈ ഓവറിന് താഴെ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കുട്ടിയെ എന്തിനാണ് ഇങ്ങനെ ഇരുത്തിയിരിക്കുന്നതെന്ന് ഒരു സ്ത്രീ പിതാവിനോട് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ദൂരെ നിന്നും ട്രെയിന്‍ വരുന്നുണ്ടെന്നും കുട്ടിയെ ട്രാക്കില്‍ നിന്നും മാറ്റണമെന്നും ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്. ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്നും പോയ പത്തുവയസുകാരന്‍ രാത്രി വൈകി വീട്ടിലെത്തിയതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. സഹോദരി പിതാവിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതും കേള്‍ക്കാം. ഒടുവില്‍ ആളുകളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് കുട്ടിയെ ട്രാക്കില്‍ നിന്നും മാറ്റുകയായിരുന്നു. വീഡിയോ റെയില്‍വെ പൊലീസിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ജിആർപി സ്റ്റേഷൻ ഇൻചാർജ് അരവിന്ദ് കുമാർ സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

Similar Posts