< Back
India
Student On Way To Exam Centre Falls from Local Train Dies
India

12ാം ക്ലാസ് പരീക്ഷയെഴുതാൻ പോകവെ ട്രെയിനിൽനിന്ന് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം

ഷിയാസ് ബിന്‍ ഫരീദ്
|
10 Feb 2026 10:33 PM IST

ട്രെയിനിൽ തിരക്കായതിനാൽ ഫൂട്ബോർഡിൽ നിന്നാണ് വിദ്യാർഥി യാത്ര ചെയ്തത്.

മുംബൈ: 12ാം ക്ലാസ് പരീക്ഷ എഴുതാൻ പോയ വിദ്യാർഥി ലോക്കൽ ട്രെയിനിൽനിന്ന് വീണു മരിച്ചു. മഹാരാഷ്ട്ര താനെ ജില്ലയിലെ കൽവ- മുംബ്ര റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഇന്ന് രാവിലെയാണ് സംഭവം. ദോംബിവിലി സ്വദേശിയായ 18കാരനായ സോഹം കാത്രെയാണ് മരിച്ചത്.

കൽവയിലെ പരീക്ഷാ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് വിദ്യാർഥി ട്രെയിനിൽ നിന്ന് വീണത്. ട്രെയിനിൽ തിരക്കായതിനാൽ ഫൂട്ബോർഡിൽ നിന്നാണ് സോഹം യാത്ര ചെയ്തത്. യാത്രയ്ക്കിടെ കാല് തെന്നി പാളത്തിലേക്ക് വീഴുകയായിരുന്നെന്ന് റെയിൽവേ പൊലീസ് സീനിയർ ഇൻ‍സ്പെക്ടർ അർച്ചന ദുശാനെ പറഞ്ഞു.

10 മണിയോടെ, ട്രാക്കിന് സമീപം പരിക്കേറ്റ നിലയിൽ കിടക്കുന്ന വിദ്യാർഥിയെ കണ്ട വഴിയാത്രക്കാർ ഉടൻ തന്നെ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് താനെ റെയിൽവേ പൊലീസിൽ നിന്നുള്ള ഒരു സംഘം സ്ഥലത്തെത്തി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

‌എന്നാൽ, വഴിമധ്യേ മരിക്കുകയായിരുന്നെന്ന് ഉദ്യോ​ഗസ്ഥർ പറ‍ഞ്ഞു. മഹാരാഷ്ട്രയിൽ 12ാം ക്ലാസ് പരീക്ഷ തുടങ്ങിയ ദിവസം തന്നെയാണ് അപകടം. സംഭവത്തിൽ അപകടമരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Similar Posts