< Back
India
പരീക്ഷക്കെത്താൻ വൈകി, ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കോളേജിലേക്ക് പാരാഗ്ലൈഡിങ് ചെയ്ത് വിദ്യാർത്ഥി; വീഡിയോ വൈറൽ
India

പരീക്ഷക്കെത്താൻ വൈകി, ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കോളേജിലേക്ക് പാരാഗ്ലൈഡിങ് ചെയ്ത് വിദ്യാർത്ഥി; വീഡിയോ വൈറൽ

Web Desk
|
16 Feb 2025 3:29 PM IST

കോളേജ് ബാഗും ചുമന്ന് ആകാശത്തിലൂടെ പറന്നുയരുന്ന സമർത്ഥ് പരീക്ഷാ കേന്ദ്രത്തിന് സമീപം ഇറങ്ങുന്ന വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്

മുംബൈ: കൃത്യസമയത്ത് പരീക്ഷക്കെത്താൻ കോളേജിലേക്ക് പാരാഗ്ലൈഡിങ് ചെയ്ത് വിദ്യാർത്ഥി. ഗതാഗതക്കുരുക്കിൽ പെട്ട് സമയം വൈകിയതോടെയാണ് പാരാഗ്ലൈഡിങ് ചെയ്ത് കോളേജിലെത്താൻ വിദ്യാർത്ഥി തീരുമാനിച്ചത്. മഹാരാഷ്ട്രയിലെ സതാര ജില്ലയിലാണ് സംഭവം. വിദ്യാർത്ഥി പാരാഗ്ലൈഡിംഗ് നടത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

വായ് താലൂക്കിലെ പസരാനി ഗ്രാമത്തിൽ നിന്നുള്ള സമർത്ഥ് മഹാംഗഡെ എന്ന വിദ്യാർത്ഥിയാണ് പരീക്ഷക്കെത്താൻ അറ്റകൈ പ്രയോഗം നടത്തിയത്. സതാര ജില്ലയിലെ വായ്-പഞ്ചഗണി റോഡിൽ കനത്ത ഗതാഗതക്കുരുക്കിലാണ് സമർത്ഥ് അകപ്പെട്ടത്. പരീക്ഷാ ആരംഭിക്കാൻ മിനിറ്റുകൾ മാത്രമേ ഉള്ളുവെന്ന് മനസ്സിലാക്കിയതോടെ പാരാഗ്ലൈഡിങ് നടത്താൻ സമർത്ഥ് തീരുമാനിക്കുകയായിരുന്നു.

കോളേജ് ബാഗും ചുമന്ന് ആകാശത്തിലൂടെ പറന്നുയരുന്ന സമർത്ഥ്, പരീക്ഷാ കേന്ദ്രത്തിന് സമീപം ഇറങ്ങുന്ന വിഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. പാരാഗ്ലൈഡിംഗ് ഗിയർ ധരിച്ചാണ് സമർത്ഥ് പരീക്ഷ ഹാളിലേക്ക് കടന്ന് ചെന്നത്. പഞ്ചഗണിയിലെ സാഹസിക കായിക വിദഗ്ധൻ ഗോവിന്ദ് യെവാലെയും സംഘവും ആണ് പാരാഗ്ലൈഡിങ്ങിനുള്ള സംവിധാനങ്ങൾ ഒരുക്കിയത്. സംഘം കോളേജിന് സമീപം സുരക്ഷിതമായ ലാൻഡിംഗ് സ്ഥാനം കണ്ടെത്തുകയും ചെയ്തു.

നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി രംഗത്ത് എത്തിയത്. അമ്പരപ്പും തമാശയും നിറഞ്ഞ കമന്റുകളാണ് അധികവും. മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്ക് പേരുകേട്ട സതാര, പാരാഗ്ലൈഡിംഗിന് പേരുകേട്ട സ്ഥലമാണ്.

Similar Posts