< Back
India
ബിഹാറിൽ വിദ്യാർത്ഥി അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു
India

ബിഹാറിൽ വിദ്യാർത്ഥി അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

Web Desk
|
10 May 2025 10:00 AM IST

പട്‌ന സർവകലാശാലയിലെ പേഴ്‌സണൽ മാനേജ്‌മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്നു മരിച്ച ചന്ദൻ

പട്ന: ബിഹാറിലെ പട്നയിൽ 21 കാരൻ വെടിയേറ്റ് കൊല്ലപ്പെട്ടു. പട്‌നയിലെ സെയ്ദ്പൂർ ഹോസ്റ്റലിലാണ് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടത്. നവാഡ ജില്ലയിലെ വാരിസലിഗഞ്ച് ബ്ലോക്ക് സ്വദേശിയായ ചന്ദൻ ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.പട്‌ന സർവകലാശാലയിലെ പേഴ്‌സണൽ മാനേജ്‌മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് വിഭാഗത്തിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്നു മരിച്ച ചന്ദൻ.

വെള്ളിയാഴ്ച രാവിലെയാണ് സെയ്ദ്പൂർ ഹോസ്റ്റലിൽ ഒരാൾക്ക് വെടിയേറ്റതായി ബഹാദൂർപൂർ പൊലീസിന് വിവരം ലഭിച്ചത്. വ്യക്തിപരമായ തർക്കത്തിനിടെയാണ് ചന്ദന് വെടിയേറ്റതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എഎസ്പി അതുലേഷ് ഝാ പറഞ്ഞു. പരിശോധനക്കായി ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ റെയ്ഡുകൾ നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്ത് വരികയാണ്. എല്ലാ കോണിലും അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്ന് ബീഹാർ പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

Similar Posts