< Back
India
വാട്സ്ആപ്പ് ഡിപി മോര്‍ഫ് ചെയ്ത് ഭീഷണി: വിദ്യാര്‍ഥിനികള്‍ പരാതി നല്‍കി
India

വാട്സ്ആപ്പ് ഡിപി മോര്‍ഫ് ചെയ്ത് ഭീഷണി: വിദ്യാര്‍ഥിനികള്‍ പരാതി നല്‍കി

Web Desk
|
5 Jan 2023 4:18 PM IST

പരിചയമില്ലാത്ത ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് തങ്ങളെ ആരോ ചേർത്തെന്ന് ഒന്നാം വർഷ ബിടെക് വിദ്യാർഥിനികൾ പറയുന്നു

ഹൈദരാബാദ്: വാട്സ്ആപ്പ് ഡിപി മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തുവെന്ന പരാതിയുമായി ഹൈദരാബാദിലെ വിജ്ഞാന ഭാരതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥിനികള്‍. വിദ്യാര്‍ഥിനികള്‍ ഘട്‌കേസർ പൊലീസിൽ പരാതി നൽകി.

പരിചയമില്ലാത്ത ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് തങ്ങളെ ആരോ ചേര്‍ത്തെന്ന് ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനികള്‍ പറയുന്നു. അതിനു ശേഷം കഴിഞ്ഞ അഞ്ച് ദിവസമായി അജ്ഞാത നമ്പറുകളിൽ നിന്ന് കോള്‍ വരുന്നു. വിദ്യാര്‍ഥിനികളിലൊരാളുടെ ഫോട്ടോ മോർഫ് ചെയ്ത ശേഷം അജ്ഞാതന്‍ ആ വിദ്യാര്‍ഥിനിക്ക് തന്നെ അയച്ചു. ഫോട്ടോ പരസ്യമാക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

തുടര്‍ന്ന് വാർഡൻ ഹേമന്ത് റെഡ്ഡി മുഖേനയാണ് വിദ്യാര്‍ഥിനികള്‍ ഘട്‌കേസർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിദ്യാര്‍ഥിനികളില്‍ നിന്ന് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ ശേഷം ഐടി ആക്റ്റിലെ സെക്ഷന്‍ 66 (എ) പ്രകാരം കേസെടുത്തെന്ന് പൊലീസ് പറഞ്ഞു. ഭീഷണി സന്ദേശം ലഭിച്ച വിദ്യാര്‍ഥിനിയുടെ മൊബൈൽ ഫോൺ വിശദ പരിശോധനയ്ക്ക് സൈബര്‍ വിഭാഗത്തിന് കൈമാറി. പ്രതി കോളജിലെ ഏതങ്കിലും വിദ്യാര്‍ഥിയുടെ സുഹൃത്താവാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു.

"പ്രതി ഈ കോളജിലെ വിദ്യാർഥിയോ ജീവനക്കാരനോ ആവാനിടയില്ല. ഇവിടെയുള്ള വിദ്യാർഥികളിൽ ഒരാളുടെ സുഹൃത്താണെന്ന് ഞങ്ങൾ കരുതുന്നു. ആ വിദ്യാര്‍ഥി സ്വന്തം കോണ്‍ടാക്റ്റ് നമ്പറുകള്‍ പ്രതിക്ക് കൈമാറിയതാവാം" എന്നാണ് പൊലീസിന്‍റെ നിഗമനം. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Summary- A group of women students at Vignana Bharathi Institute of Technology, Hyderabad, filed a complaint with the Ghatkesar Police alleging that their WhatsApp display pictures were misused by a person, who is yet to be identified.

Related Tags :
Similar Posts