< Back
India
ചൂടുകാരണം 20 വർഷത്തിനിടെ മരിച്ചത് 20,000 ഇന്ത്യക്കാർ; ഉഷ്‌ണതരംഗത്തിലും ജാതി പ്രവർത്തിക്കുന്നു: പഠനം
India

ചൂടുകാരണം 20 വർഷത്തിനിടെ മരിച്ചത് 20,000 ഇന്ത്യക്കാർ; ഉഷ്‌ണതരംഗത്തിലും ജാതി പ്രവർത്തിക്കുന്നു: പഠനം

Web Desk
|
22 May 2025 7:58 PM IST

2001നും 2019നും ഇടയിൽ ഇന്ത്യയിൽ ചൂടുകാരണം 19,693 മരണങ്ങളും തണുപ്പ് കാരണം 15,197 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി പഠനം കണ്ടെത്തി

ന്യൂഡൽഹി: 2001നും 2019നും ഇടയിൽ ഇന്ത്യയിൽ ഉഷ്ണതരംഗം മൂലം ഏകദേശം 20,000 പേർ മരിച്ചതായി പഠനം. രാജ്യത്ത് ഉഷ്ണതരംഗം മൂലമുണ്ടാകുന്ന മരണങ്ങളിൽ പുരുഷന്മാരാണ് കൂടുതലെന്ന് പഠനത്തിൽ പറയുന്നു. ഉഷ്ണതരംഗം കൊണ്ടുണ്ടാവുന്ന മരണങ്ങളെ ജാതിയുടെ അടിസ്ഥാനത്തിൽ കൂടെ വേർതിരിച്ച് മനസിലാക്കുകയാണ് മറ്റൊരു പഠനം. 'ഉയർന്ന' സമുദായങ്ങളിൽ നിന്നുള്ളവരേക്കാൾ കൂടുതൽ അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള ആളുകൾ ചൂടിന് വിധേയമായി മരിച്ചതായി പഠനത്തിൽ പറയുന്നു. ഇതിനെ 'താപ അനീതി' (Thermal Injustice) എന്നാണ് ഗവേഷകർ വിശേഷിപ്പിച്ചത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് 125 വർഷത്തിനിടയിൽ ഇന്ത്യ കണ്ട ഏറ്റവും ചൂടേറിയ മാസമായിരുന്നു 2025 ഫെബ്രുവരി.

ഹരിയാനയിലെ സോണിപത്തിലുള്ള ഒപി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരുടെ ഒരു സംഘം ഇന്ത്യയിലെ താപനില മൂലമുണ്ടാകുന്ന മരണങ്ങളെക്കുറിച്ച് പഠിക്കുകയും അത്തരം മരണങ്ങളിലെ പ്രായ, ലിംഗ തുല്യതകൾ പരിശോധിക്കുകയും ചെയ്തു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൽ നിന്നുള്ള താപനില ഡാറ്റ, നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ നിന്നുള്ള മരണനിരക്ക് തുടങ്ങിയ നിരവധി സർക്കാർ സ്രോതസ്സുകളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് പഠനം തയ്യാറാക്കിയത്. 2001നും 2019നും ഇടയിൽ ഇന്ത്യയിൽ ചൂടുകാരണം 19,693 മരണങ്ങളും തണുപ്പ് കാരണം 15,197 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി പഠനം കണ്ടെത്തി. 45-60 വയസ്സിനിടയിലുള്ളവരാണ് ചൂടും തണുപ്പും മൂലം മരണപ്പെട്ടവരിൽ ഭൂരിഭാഗം. സ്ത്രീകളേക്കാൾ പുരുഷന്മാർ മൂന്ന് മുതൽ അഞ്ച് മടങ്ങ് വരെ കൂടുതലായി ഉഷ്ണം മൂലം മരിക്കുന്നതായി പഠനത്തിൽ പറയുന്നു.

ഇന്ത്യയിൽ ഉഷ്ണതരംഗം മൂലമുള്ള മരണങ്ങളിൽ ജാതി പ്രവർത്തിക്കുന്നതായി മറ്റൊരു പഠനത്തിൽ പറയുന്നു. ബാംഗ്ലൂരിലെയും അഹമ്മദാബാദിലെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള സംഘം നടത്തിയ പഠനത്തിൽ പ്രബല ജാതികളിൽപ്പെട്ട ആളുകൾ അവരുടെ ജോലി സമയത്തിന്റെ 27-28% പുറത്ത് ചെലവഴിക്കുമ്പോൾ പട്ടികവർഗ (എസ്.ടി) സമുദായങ്ങളിൽപ്പെട്ടവർ 43-49% പുറത്താണ് ചെലവഴിക്കുന്നത്. പട്ടികജാതി (എസ്.സി) വിഭാഗങ്ങളിൽപ്പെട്ട ആളുകൾ അവരുടെ ജോലി സമയത്തിന്റെ 75%ത്തിലധികം പുറത്താണ് ചെലവഴിക്കുന്നത്. തൊഴിലാളികൾക്ക് അവരുടെ മുൻഗണനകൾ അനുസരിച്ച് മികച്ച തൊഴിൽ-വേതന അനുപാതമുള്ള തെരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും ജാതിയിലൂടെ അവ തഴയപ്പെടുന്നു. ഈ തെരെഞ്ഞെടുപ്പിലെ അനീതി ഇന്ത്യയിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്നും പഠനം സൂചിപ്പിക്കുന്നു.

Similar Posts