< Back
India
sudan conflict central govt talks with arab countries
India

അറബ് രാജ്യങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്തും; സുഡാനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം

Web Desk
|
19 April 2023 2:09 PM IST

സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങളുമായി വിദേശകാര്യമന്ത്രി ജയശങ്കര്‍ സംസാരിച്ചു

ഡല്‍ഹി: ആഭ്യന്തര കലാപം തുടരുന്ന സുഡാനിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ. സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങളുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സംസാരിച്ചു. യു.എൻ സഹായവും ഇന്ത്യ തേടിയിട്ടുണ്ട്.

സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്ന സുഡാനിൽ ഇന്ത്യക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് കേന്ദ്ര ഇടപെടൽ. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സൗദി അറേബ്യ, യു.എ.ഇ ഭരണകൂടവുമായി സംസാരിച്ചു. സുഡാൻ ഉൾപ്പെടുന്ന മേഖലയിലെ അറബ് രാജ്യങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്താനാണ് കേന്ദ്ര നീക്കം. യു.എസിലെയും യു.കെയിലെയും സ്ഥാനപതിമാർ ഇരുരാജ്യങ്ങളിലെയും സർക്കാരുകളുമായി ആശയവിനിമയം നടത്തി. സൗദി അറേബ്യ, യു.എ.ഇ, അമേരിക്ക, യു.കെ എന്നീ രാജ്യങ്ങളുമായി ഏകോപിച്ച് പ്രവർത്തിക്കാനാണ് ശ്രമം. ഒപ്പം യു.എൻ സഹായവും ഉപയോഗപ്പെടുത്തും.

സുഡാനിലെ പ്രവാസികളുടെ തിരിച്ചുവരവ് അടക്കം ഏകോപിപ്പിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം ഡൽഹിയിൽ ഇന്നലെ കൺട്രോൾ റൂം തുറന്നു. ഏറ്റുമുട്ടലിൽ ഇതുവരെ 270ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായാണ് വിവരം. 2600ലധികം പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടതിൽ ഭൂരിഭാഗവും സാധാരണക്കാരാണ്..

Related Tags :
Similar Posts