< Back
India
sudan high level meeting PM Narendra Modi

Narendra Modi

India

സുഡാന്‍ സംഘര്‍ഷം: പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു

Web Desk
|
21 April 2023 2:21 PM IST

ഇന്ത്യക്കാരുടെ സുരക്ഷ വിലയിരുത്തും

ഡല്‍ഹി: സുഡാൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാരുടെ സുരക്ഷ വിലയിരുത്താൻ ഉന്നതതല യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം.

സുഡാനില്‍ 4000 ഇന്ത്യക്കാരുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ അറബ് രാജ്യങ്ങളുമായി കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കര്‍ ചര്‍ച്ച നടത്തിയിരുന്നു. അറബ് രാജ്യങ്ങള്‍ക്ക് ഈ മേഖലയിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തി ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് നീക്കം. വിമാനങ്ങള്‍ സുഡാനില്‍ എത്തിച്ച് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും.

സുഡാനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആവശ്യമായ നടപടികൾ വേഗത്തിൽ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

താത്കാലിക വെടിനിര്‍ത്തല്‍

ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. ഈദുൽഫിത്ർ പ്രമാണിച്ചാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. 72 മണിക്കൂറാണ് വെടിനിർത്തൽ.

സുഡാനില്‍ സൈന്യവുമായി ഏറ്റുമുട്ടുന്ന അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് ആണ് 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ സെന്യവും ആര്‍.എസ്.എഫും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്നതിനിടെയാണ് താത്കാലിക ആശ്വാസമായി തീരുമാനം വന്നത്. പെരുന്നാളിനോട് അനുബന്ധിച്ച് പൌരന്‍മാര്‍ക്ക് പ്രശ്നബാധിത മേഖലകളില്‍ നിന്ന് ഒഴിയാനുളള മാനുഷിക ഇടനാഴി തുറക്കുകയാണെന്ന് വാര്‍ത്തകുറിപ്പില്‍ ആര്‍.എസ്.എഫ് അറിയിച്ചു.

യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറെസ് ഉൾപ്പെടെയുള്ളവരുടെ അഭ്യർഥന പരിഗണിച്ചാണ് തീരുമാനം. എന്നാൽ വെടിനിർത്തൽ പ്രഖ്യാപനത്തോട് സൈന്യം പ്രതികരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ സമയത്ത് രക്ഷാദൗത്യം നടക്കുമോ എന്നതിൽ വ്യക്തതയില്ല. അതേസമയം ഇന്ന് പുലര്‍ച്ചെയും ഖാര്‍ത്തൂമില്‍ കനത്ത ഷെല്ലാക്രമണം നടന്നതായാണ് വിവരം.

ഏപ്രില്‍ 13നാണ് സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. വെടിവെപ്പിലും വ്യോമാക്രമണത്തിലും ഇതുവരെയായി 350ലേറെ പേര്‍ കൊല്ലപ്പെട്ടു.

Related Tags :
Similar Posts