< Back
India
Suhas Shettys father says Politicians using our children for their own gain
India

'രാഷ്ട്രീയക്കാർ നമ്മുടെ മക്കളെ സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുന്നു'; മംഗളൂരുവിൽ കൊല്ലപ്പെട്ട സുഹാസ് ഷെട്ടിയുടെ പിതാവ്

Web Desk
|
3 May 2025 11:15 AM IST

വ്യാഴാഴ്ച രാത്രിയാണ് ബജ്‌റംഗ് ദൾ പ്രവർത്തകനായ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത്. സൂറത്ത്കൽ ഫാസിൽ വധക്കേസ് അടക്കം അഞ്ച് കേസുകളിൽ പ്രതിയായിരുന്നു സുഹാസ് ഷെട്ടി.

മംഗളൂരു: രാഷ്ട്രീയക്കാർ നമ്മുടെ കുട്ടികളെ സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണെന്ന് കൊല്ലപ്പെട്ട സുഹാസ് ഷെട്ടിയുടെ പിതാവ് മോഹൻ ഷെട്ടി.

''ഈ ചിത എരിഞ്ഞടങ്ങും, ഇവിടെ കൂടിയവർ പിരിഞ്ഞു പോവും. എന്നാൽ അക്രമത്തിൽ കുട്ടികൾ നഷ്ടപ്പെടുന്ന കുടുംബങ്ങളിലെ തീ അണയുമോ? രാഷ്ട്രീയക്കാർ സ്വന്തം നേട്ടത്തിനായി നമ്മുടെ കുട്ടികളെ ചൂഷണം ചെയ്യുകയാണ്. ഇത്രയും ചെറുപ്പത്തിൽ നമ്മുടെ കൺമുന്നിൽ നമ്മുടെ കുട്ടികൾ മരിക്കുമ്പോൾ അത് എങ്ങനെ സഹിക്കാൻ കഴിയും?''-മോഹൻ ഷെട്ടി ചോദിച്ചു.

കുടുംബത്തിന്റെ നട്ടെല്ലാവേണ്ട നമ്മുടെ നിഷ്‌കളങ്കരായ കുട്ടികൾ ഹിന്ദുക്കളാണെന്ന് പറഞ്ഞ് തെരുവിലിറങ്ങുന്നു. ഇപ്പോൾ നമുക്ക് എന്താണ് ലഭിച്ചത്? നമുക്ക് നമ്മുടെ മകനെ നഷ്ടപ്പെട്ടു. നമുക്ക് ആരുമില്ല. എല്ലാം നഷ്ടപ്പെട്ട മാതാപിതാക്കളാണ് നമ്മൾ. ജീവന് ഭീഷണിയുണ്ടെന്ന് മകൻ പലതവണ പറഞ്ഞിരുന്നു. രാത്രി വേഗം വീട്ടിലെത്തണമെന്ന് അവനോട് പറഞ്ഞിരുന്നു. സിദ്ധരാമയ്യ സർക്കാരിന്റെ പക്ഷപാതം മൂലമാണ് മകന് ജീവൻ നഷ്ടപ്പെട്ടതെന്നും മോഹൻ ഷെട്ടി ആരോപിച്ചു.

മകൻ എപ്പോഴും ഹിന്ദുത്വ മുദ്രാവാക്യം മുഴക്കിയാണ് ജീവിച്ചിരുന്നതെന്ന് മാതാവ് സുലോചന പറഞ്ഞു. മകന്റെ കൊലയാളികളെ ശിക്ഷിക്കണമെന്നും അവർ പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് ബജ്‌റംഗ് ദൾ പ്രവർത്തകനായ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത്. സൂറത്ത്കൽ ഫാസിൽ വധക്കേസ് അടക്കം അഞ്ച് കേസുകളിൽ പ്രതിയായിരുന്നു സുഹാസ് ഷെട്ടി. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ വരെ മംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.

ഇന്നലെ ബജ്‌റംഗ് ദൾ ആഹ്വാനം ചെയ്ത ബന്ദിൽ വ്യാപക അക്രമമുണ്ടായി. മത്സ്യത്തൊഴിലാളിയായ യുവാവിനും ഓട്ടോയിൽ കച്ചവടത്തിന് പോവുകയായിരുന്ന രണ്ടുപേർക്കുമെതിരെ ആക്രമണമുണ്ടായി. ബസുകൾക്ക് നേരെയും കല്ലെറുണ്ടായിരുന്നു.

Similar Posts