
ഇന്ത്യൻ പൗരത്വം ഉണ്ടായിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ടു; സുപ്രിംകോടതി നിര്‍ദേശപ്രകാരം തിരികെയെത്തി, ആൺകുഞ്ഞിന് ജൻമം നൽകി സോണാലി ഖാത്തൂൺ
|സോണാലിയുടെ പിതാവ് ഇന്ത്യന്‍ പൗരനായതിനാല്‍ പൗരത്വ നിയമപ്രകാരം സോണാലിയും കുട്ടികളും ഇന്ത്യന്‍ പൗരന്മാരായിരിക്കുമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു
ഡൽഹി: ഇന്ത്യന്‍ പൗരത്വം ഉണ്ടായിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട് ഒടുവിൽ സുപ്രിംകോടതി നിര്‍ദേശപ്രകാരം തിരികെയത്തിച്ച സോണാലി ഖാത്തൂൺ ഒരു ആൺകുഞ്ഞിന് ജൻമം നൽകി. ഏതാനും ആഴ്ചകൾക്ക് മുൻപാണ് പശ്ചിമബംഗാളിൽ നിന്നുള്ള സോണാലിയും എട്ടുവയസുള്ള മകനും തിരികെയെത്തിയത്. സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ സഞ്ജയ് ഹെഗ്ഡെയാണ് ഇക്കാര്യം എക്സിൽ പങ്കുവച്ചത്. ഈ ഇരുണ്ട ലോകത്ത് അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളാണ് അഭിഭാഷകവൃത്തി തുടരാൻ തന്നെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം കുറിച്ചു.
ജൂൺ 27നായിരുന്നു അനധികൃതമായി രാജ്യത്ത് കടന്ന ബംഗ്ലാദേശി പൗരന്മാരാണെന്ന് ആരോപിച്ച് ഡൽഹി പൊലീസ് സോണാലിയും മകനും ഭർത്താവും ഉൾപ്പെടെ 6 പേരെ അറസ്റ്റ് ചെയ്ത ശേഷം ബംഗ്ലാദേശിലേക്കു നാടുകടത്തിയത്. എന്നാൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് സോണാലിയെ തിരികെ കൊണ്ടുവരാൻ കേന്ദ്രത്തോട് നിർദേശിക്കുകയായിരുന്നു.പിന്നീട് ഡിസംബര്‍ 5ന് ബംഗാളിലെ മാള്‍ഡയില്‍ ജില്ലാ ഭരണകൂടത്തിലെ നിരവധി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഒമ്പത് മാസം ഗര്‍ഭിണിയായ സോണാലി ഖാത്തൂണും മകനും ഇന്ത്യയിലേക്കു തിരികെ പ്രവേശിക്കുകയായിരുന്നു.
സോണാലിയുടെ പിതാവ് ഇന്ത്യന്‍ പൗരനായതിനാല്‍ പൗരത്വ നിയമപ്രകാരം സോണാലിയും കുട്ടികളും ഇന്ത്യന്‍ പൗരന്മാരായിരിക്കുമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ബുധനാഴ്ച മാള്‍ഡയില്‍ നടന്ന എസ്ഐആര്‍ വിരുദ്ധ റാലിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സോണാലിയുടെ നാടുകടത്തലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 'ഇന്ത്യന്‍ പൗരന്മാരെ എങ്ങനെയാണ് ബംഗ്ലാദേശി എന്ന് മുദ്രകുത്തുന്നത്? സോണാലി ഖാത്തൂണ്‍ ബംഗ്ലാദേശിയായിരുന്നോ? അവര്‍ ഇന്ത്യക്കാരിയായിരുന്നു. ഇന്ത്യന്‍ രേഖകള്‍ ഉണ്ടായിരുന്നിട്ടും, ബിഎസ്എഫിനെ ഉപയോഗിച്ച് നിങ്ങള്‍ അവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തി'' എന്നാണ് മമത പറഞ്ഞത്.
രാംപൂർഹട്ട് ഗവൺമെന്‍റ് മെഡിക്കൽ കോളജിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപി സമിറുൾ ഇസ്‍ലാം പറഞ്ഞു.
"ബിർഭുമിലെ രാംപൂർഹട്ട് മെഡിക്കൽ കോളജിൽ സോണാലി ഖാത്തൂൺ ആരോഗ്യവാനായ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്നറിഞ്ഞപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി. അവൾക്ക് നേരിടേണ്ടി വന്ന അനീതിയുടെ പശ്ചാത്തലത്തിൽ ഈ സന്തോഷ നിമിഷം കൂടുതൽ ആഴമേറിയതായി തോന്നുന്നു" തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എക്സിൽ കുറിച്ചു.