< Back
India
ശരത് പവാറുമായി ലയനമല്ല ഇപ്പോൾ വേണ്ടത്, പാർട്ടിയെ ശക്തിപ്പെടുത്തണം:  എൻസിപി നേതാവ് പ്രഫുൽ പട്ടേൽ
India

'ശരത് പവാറുമായി ലയനമല്ല ഇപ്പോൾ വേണ്ടത്, പാർട്ടിയെ ശക്തിപ്പെടുത്തണം': എൻസിപി നേതാവ് പ്രഫുൽ പട്ടേൽ

റിഷാദ് അലി
|
14 Feb 2026 4:11 PM IST

അജിത് പവാർ- ശരത് പവാര്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ലയനസാധ്യതയെച്ചൊല്ലിയുള്ള ചർച്ചകൾക്കിടയിലാണ് പ്രഫുല്‍ പട്ടേലിന്റെ പ്രതികരണം

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാർ, അജിത് പവാര്‍ എന്‍സിപിയുടെ അടുത്ത ദേശീയ അധ്യക്ഷയാകുമെന്ന് പ്രഫുല്‍ പട്ടേല്‍. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉണ്ടാകുമെന്നും പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കി.

"പാർട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള ഏക സ്ഥാനാർത്ഥി സുനേത്ര പവാറാണ്, അതിൽ സമവായത്തിന്റെ പ്രശ്നമെ ഉദിക്കുന്നില്ല. ഉപമുഖ്യമന്ത്രിയായതിനാൽ നിയമസഭാ കക്ഷിയെ നയിക്കുന്നതും അവർ തന്നെയായിരിക്കും, ഒപ്പം ദേശീയ അധ്യക്ഷയായും സുനേത്ര പ്രവർത്തിക്കും. ഇതുസംബന്ധിച്ച തീരുമാനം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകും"- പട്ടേൽ പറഞ്ഞു.

''പാർട്ടിയുടെ ഇപ്പോഴത്തെ മുൻഗണന ലയനത്തിനല്ല, മറിച്ച് സംഘടനയെ ശക്തിപ്പെടുത്തുന്നതിനാണ്''- പട്ടേൽ വ്യക്തമാക്കി. അജിത് പവാർ- ശരത് പവാര്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ലയനസാധ്യതയെച്ചൊല്ലിയുള്ള ചർച്ചകൾക്കിടയിലാണ് പ്രഫുല്‍ പട്ടേല്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. പട്ടേൽ തന്നെ ദേശീയ അധ്യക്ഷസ്ഥാനം ഏറ്റെടുത്തേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, അത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ സി.പി. രാധാകൃഷ്ണൻ എന്നിവരുമായി സുനേത്ര പവാറും പ്രഫുല്‍ പട്ടേലും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഫുല്‍ പട്ടേലിന്റെ പ്രതികരണം. അതേസമയം ലയനത്തെക്കുറിച്ചുള്ള ചർച്ചകൾ നടത്തിയിരുന്നതായും, എന്നാൽ അജിത് പവാറിന്റെ അകാല മരണശേഷം ആ വിഷയത്തിലേക്ക് വീണ്ടും പോകുന്നതിൽ അർത്ഥമില്ലെന്നുമായിരുന്നു സുനേത്രയുടെ പ്രതികരണം.

Similar Posts