< Back
India
Justice Sk Yadav, Supreme Court, ജസ്റ്റിസ് ശേഖർ കുമാർ യാദവ്, സുപ്രീംകോടതി കൊളീജിയം
India

'ഭൂരിപക്ഷ' പരാമർശം: ജസ്റ്റിസ് എസ്‌കെ യാദവിനോട് നേരിട്ടെത്തി വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് സുപ്രീംകോടതി കൊളീജിയം

Web Desk
|
16 Dec 2024 12:43 PM IST

ഡിസംബർ 8 ന് പ്രയാഗ്‌രാജിൽ നടന്ന വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) പരിപാടിയിലാണ് ജസ്റ്റിസ് യാദവ് വിവാദ പരാമർശങ്ങൾ നടത്തിയത്

ന്യൂ ഡൽഹി: ഭൂരിപക്ഷ പരാമർശത്തിൽ ജസ്റ്റിസ് ശേഖർ കുമാർ യാദവിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് സുപ്രീംകോടതി കൊളീജിയം. ഈ മാസം ആദ്യം ജസ്റ്റിസ് എസ്കെ യാദവ് നടത്തിയ ‘ഭൂരിപക്ഷത്തിൻ്റെ ഇഷ്ടത്തിനനുസരിച്ച് രാജ്യം പ്രവർത്തിക്കണമെന്ന' പരാമർശത്തിലാണ് നടപടി. സുപ്രീംകോടതിയുടെ ശീതകാല അവധിക്ക് മുമ്പായി, നാളെ വിഷയം ചർച്ച ചെയ്യാൻ കൊളീജിയം യോഗം ചേരുമെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

ഡിസംബർ 8 ന് പ്രയാഗ്‌രാജിൽ നടന്ന വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) പരിപാടിയിലാണ് ജസ്റ്റിസ് യാദവ് വിവാദ പരാമർശങ്ങൾ നടത്തിയത്. " നിയമം എപ്പോഴും ഭൂരിപക്ഷത്തിനനുസരിച്ചാണ് പ്രവർത്തിക്കുന്നത്. കുടുംബങ്ങളും സമൂഹങ്ങളും നോക്കൂ. ഭൂരിപക്ഷത്തിൻ്റെ ക്ഷേമത്തിനും സന്തോഷത്തിനും എന്ത് പ്രയോജനം ചെയ്യുന്നുവോ അത് മാത്രമേ അംഗീകരിക്കപ്പെടുകയുള്ളൂ," എന്നായിരുന്നു ജസ്റ്റിസ് യാദവ് വേദിയിൽ പറഞ്ഞത്.

എന്നാൽ ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. പരാമർശം ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതും ഭരണഘടനാവിരുദ്ധവുമാണെന്ന് വിവിധ പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി. ജുഡീഷ്യൽ നിഷ്പക്ഷതയുടെ ലംഘനമാണ് പരാമർശമെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. പരാമർശം ജഡ്ജിയുടെ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ പ്രശാന്ത് ഭൂഷണും സിപിഎം നേതാവ് ബൃന്ദ കാരാട്ടും ചീഫ് ജസ്റ്റിസ് ഖന്നയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.

ജസ്റ്റിസ് യാദവിൻ്റെ പരാമർശങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ കണക്കിലെടുത്ത് ഡിസംബർ 10 ന് സുപ്രീം കോടതി അലഹബാദ് ഹൈക്കോടതിയോട് റിപ്പോർട്ട് തേടിയിരുന്നു. പിന്നാലെയാണ് നേരിട്ട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് ജസ്റ്റിസ് യാദവിന് സമൻസ് അയച്ചത്.

അതേസമയം, ജസ്റ്റിസ് യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 55 പ്രതിപക്ഷ എംപിമാർ കഴിഞ്ഞ വെള്ളിയാഴ്ച രാജ്യസഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്.

Similar Posts