< Back
India
Supreme Court condemns terrorist attack in Pahalgam, judges lawyers pay tribute to victims
India

പഹല്‍ഗാം ഭീകരാക്രമണം: അപലപിച്ചും ഇരകള്‍ക്ക് അനുശോചനം അറിയിച്ചും സുപ്രിംകോടതി

Web Desk
|
23 April 2025 5:49 PM IST

'ഈ സമയത്ത് രാഷ്ട്രം ഇരകളുടെയും അവരുടെ കുടുംബത്തിന്റെയും ഒപ്പം നില്‍ക്കുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവർക്ക് നിത്യശാന്തി ലഭിക്കട്ടെ'- കോടതി പറഞ്ഞു.

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തെ അപലപിച്ചും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിച്ചും സുപ്രിംകോടതി. അഭിഭാഷകരും ജഡ്ജിമാരും ഒരു നിമിഷം മൗനമാചരിച്ചാണ് ഇരകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്. വെടിവെപ്പില്‍ ഇരകളായവര്‍ക്ക് സുപ്രിംകോടതി ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തു.

ബുധനാഴ്ച രാവിലെ നടന്ന യോഗത്തില്‍ ഭീകരാക്രമണത്തെ അപലപിച്ച് സുപ്രിംകോടതി ഐകകണ്ഠ്യേന പ്രമേയം പാസാക്കിയതായി പ്രസ്താവനയില്‍ പറയുന്നു. ഈ ആക്രമണം എല്ലാവരുടെയും മനഃസാക്ഷിയെ പിടിച്ചുലച്ചെന്നും മനുഷ്യത്വമില്ലായ്മയുടെയും ക്രൂരതയുടേയും നേര്‍ചിത്രമാണിതെന്നും കോടതി വ്യക്തമാക്കി.

ഈ സമയത്ത് രാഷ്ട്രം ഇരകളുടെയും അവരുടെ കുടുംബത്തിന്റെയും ഒപ്പം നില്‍ക്കുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവർക്ക് നിത്യശാന്തി ലഭിക്കട്ടെ. പരിക്കേറ്റവര്‍ പെട്ടന്ന് സുഖം പ്രാപിക്കട്ടേയെന്നും കോടതി പറഞ്ഞു. മാനുഷിക മൂല്യങ്ങളെ കാറ്റില്‍ പറത്തുന്ന രീതിയാണ് അക്രമികൾ സ്വീകരിച്ചതെന്നും സുപ്രിംകോടതി പ്രമേയത്തില്‍ വിശദമാക്കി.

പഹല്‍ഗാമിലെത്തിയ നിരപരാധികളായ വിനോദ സഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണം ബുദ്ധിശൂന്യവും പൈശാചികവുമാണെന്ന് കോടതി ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി. നിരായുധരും നിരപരാധികളുമായ സാധാരണക്കാരെ ലക്ഷ്യമിടുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ഈ പ്രവൃത്തി രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം എന്നിവയെ മോശമായി ബാധിക്കുമെന്നും അസോസിയേഷൻ കൂട്ടിച്ചേര്‍ത്തു.

പഹൽ​ഗാമിൽ ഏപ്രില്‍ 22ന് നടന്ന ഭീകരാക്രമണത്തില്‍ മലയാളികളുള്‍പ്പടെ 26 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

Similar Posts