< Back
India
Sanjiv Bhatt
India

'ജീവപര്യന്തം തടവ് റദ്ദാക്കണമെന്ന ആവശ്യം'; സഞ്ജീവ് ഭട്ടിന്‍റെ ഹരജി സുപ്രിം കോടതി തള്ളി

Web Desk
|
29 April 2025 12:59 PM IST

1990ൽ ഗുജറാത്തിൽ എഡിജിപി ആയിരിക്കെ നടന്ന കസ്റ്റഡി മരണ കേസിലാണ് നടപടി

ഡൽഹി: ജീവപര്യന്തം തടവ് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നുള്ള മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്‍റെ ഹരജി സുപ്രിം കോടതി തള്ളി.

1990ൽ ഗുജറാത്തിൽ എഡിജിപി ആയിരിക്കെ നടന്ന കസ്റ്റഡി മരണ കേസിലാണ് നടപടി. അപ്പീലിൽ വാദം കേൾക്കാനുള്ള നടപടി വേഗത്തിൽ ആക്കാനും സുപ്രിം കോടതി നിർദേശം നൽകി. രണ്ട് സബ് ഇൻസ്പെക്ടർമാരും മൂന്ന് പൊലീസ് കോൺസ്റ്റബിൾമാരും ഉൾപ്പെടെ ഏഴ് പേരാണ് കേസിൽ പ്രതികളായത്.

മുറിയിൽ മയക്കുമരുന്ന് വെച്ച് അഭിഭാഷകനെ കുടുക്കിയെന്ന കേസിൽ കഴിഞ്ഞ വര്‍ഷം സഞ്ജീവ് ഭട്ടിന് 20 വര്‍ഷം തടവ് വിധിച്ചിരുന്നു. സഞ്ജീവ് ഭട്ട് ബനസ്‌ക്കന്ധ എസ്പിയായിരുന്നപ്പോൾ 1996-ലുണ്ടായ സംഭവമാണ് കേസിനാനാധാരം.

രാജസ്ഥാനിലെ അഭിഭാഷകനായ സുമേർസിങ് രാജ്പുരോഹിതിനെ മയക്കുമരുന്നു കേസിൽപ്പെടുത്തിയെന്നാണ് കേസ്. പാലൻപൂരിൽ അഭിഭാഷകൻ താമസിച്ച മുറിയിൽ 1.15 കിലോ കഞ്ചാവ് ഒളിപ്പിച്ചുവെച്ച ശേഷം അറസ്റ്റ് ചെയ്തുവെന്നാണ് ആരോപണം. രാജസ്ഥാനിലെ പാലിയിൽ ഒരു തർക്ക വസ്തുവിലുള്ള അവകാശം സുമേർസിങ് ഉപേക്ഷിക്കുന്നതിനാണ് ഇത് ചെയ്തതെന്നാണ് ആരോപണം. ഗുജറാത്ത് ഹൈക്കോടതിയുടെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷത്തിലാണ് സഞ്ജീവ് ഭട്ടിനെ 2018ൽ അറസ്റ്റ് ചെയ്തത്. ഇതിനിടെ ജംജോധ്പൂരിലെ കസ്റ്റഡി മരണക്കേസിൽ ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.

ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ സഞ്ജീവ് ഭട്ട് തെളിവ് നൽകിയതോടെയാണ് സംസ്ഥാന സർക്കാർ അദ്ദേഹത്തിനെതിരെയുള്ള കേസുകൾ സജീവമാക്കിയത്. 20 വർഷത്തിന് ശേഷമാണ് മയക്കുമരുന്ന് കേസിൽ ഗുജറാത്ത് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവായത്. ഹരജിക്കാരനായ പൊലീസ് ഇൻസ്‌പെക്ടർ ഐ.ബി വ്യാസ് ആദ്യം പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നു. പിന്നീട് ഭട്ടിനെതിരെ മൊഴിനൽകി മാപ്പുസാക്ഷിയായി.

Similar Posts