< Back
India
Supreme Court slams states over pre-poll freebies
India

ബാബരി മസ്ജിദ് എന്ന പേരില്‍ രാജ്യത്ത് ഒരിടത്തും പള്ളി നിര്‍മിക്കരുതെന്ന ആവശ്യം തള്ളി സുപ്രിംകോടതി

ശരത് ലാൽ തയ്യിൽ
|
20 Feb 2026 1:07 PM IST

മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ രാജ്യത്ത് അധിനിവേശം നടത്തിയ ആളാണെന്ന് ഹരജിക്കാരന്‍

ന്യൂഡല്‍ഹി: ബാബറിന്റെ പേരിലോ ബാബരി മസ്ജിദ് എന്ന പേരിലോ രാജ്യത്ത് എവിടെയെങ്കിലും പള്ളി നിര്‍മിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി സുപ്രിം കോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേഹ്ത എന്നിവരുടെ ബെഞ്ചാണ് ഹരജി തള്ളിയത്.

മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ രാജ്യത്ത് അധിനിവേശം നടത്തിയ ആളാണെന്നും ഹിന്ദുക്കളെ അടിമകളെന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്നും ഹരജിക്കാരന്‍ വാദിച്ചു. ബാബറിന്റെ പേരില്‍ രാജ്യത്ത് എവിടെയെങ്കിലും പള്ളി നിര്‍മിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഹരജി പരിഗണിക്കുന്നതില്‍ കോടതി വിമുഖത പ്രകടിപ്പിച്ചതോടെ പിന്‍വലിക്കാമെന്ന് ഹരജിക്കാരന്‍ അറിയിച്ചു. ഇതോടെ കോടതി ഹരജി പിന്‍വലിക്കാന്‍ അനുവദിച്ചുകൊണ്ട് തള്ളുകയായിരുന്നു.

പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ ബാബരി മസ്ജിദ് മാതൃകയിലുള്ള പള്ളിയുടെ നിര്‍മാണത്തിന് ഹൂമയൂണ്‍ കബീര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ചിരുന്നു. ഇക്കാര്യം ഹരജിക്കാരന്‍ പരാമര്‍ശിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടതിനു പിന്നാലെ പുതിയ പാര്‍ട്ടി രൂപീകരിച്ചയാളാണ് ഹൂമയൂണ്‍ കബീര്‍.

പള്ളി നിര്‍മ്മിക്കുന്നതിനെതിരെ വിശ്വഹിന്ദു രക്ഷാ പരിഷത്ത് വ്യാപക പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ലോകാവസാനം വരെ ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കില്ലെന്നും മറിച്ച് സങ്കല്‍പ്പിക്കുന്നവരുടെ സ്വപ്നങ്ങള്‍ ഒരിക്കലും സാക്ഷാത്കരിക്കപ്പെടില്ലെന്നുമാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.

Similar Posts