< Back
India
Supreme Court Flags Delay in NIA Trials Due To Absence Of Special Courts, Warns Undertrials Will Have To Be Given Bail
India

പ്രത്യേക കോടതികൾ ഇല്ലാത്തതിനാൽ എൻഐഎ കേസുകളിൽ വിചാരണ വൈകുന്നു; തടവുകാർക്ക് ജാമ്യം നൽകേണ്ടിവരുമെന്ന് സുപ്രിംകോടതി

Web Desk
|
18 July 2025 4:38 PM IST

സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ ഫലപ്രദമായ സംവിധാനമില്ലെങ്കിൽ പ്രതികളെന്ന സംശയത്തിന്റെ പേരിൽ എത്രകാലം കസ്റ്റഡിയിൽവെക്കുമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബഗ്ചി എന്നിവരുടെ ബെഞ്ച് ചോദിച്ചു.

ന്യൂഡൽഹി: എൻഐഎ കേസുകളിൽ വേഗത്തിലുള്ള വിചാരണക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ള പ്രത്യേക കോടതികൾ സ്ഥാപിച്ചില്ലെങ്കിൽ വിചാരണത്തടവുകാർക്ക് ജാമ്യം അനുവദിക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് സുപ്രിംകോടതി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ), മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (എംസിഒസിഎ) തുടങ്ങിയ നിയമങ്ങൾ പ്രകാരമുള്ള കേസുകളുടെ വിചാരണക്ക് പ്രത്യേക കോടതികൾ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി.

സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ ഫലപ്രദമായ സംവിധാനമില്ലെങ്കിൽ പ്രതികളെന്ന സംശയത്തിന്റെ പേരിൽ എത്രകാലം കസ്റ്റഡിയിൽവെക്കുമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബഗ്ചി എന്നിവരുടെ ബെഞ്ച് ചോദിച്ചു. പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടാൽ അടുത്ത ദിവസം തന്നെ പ്രതികളുടെ ജാമ്യാപേക്ഷകൾ മെറിറ്റ് അടിസ്ഥാനത്തിൽ പരിഗണിക്കും. ഇത് അവസാന അവസരമാണെന്നും കോടതി പറഞ്ഞു.

നിലവിലുള്ള കോടതിയെ പ്രത്യേക എൻഐഎ കോടതിയാക്കി മാറ്റുന്നതിനെ സുപ്രിംകോടതി എതിർത്തു. ഇത് മറ്റു കേസുകളിൽ ജയിലിൽ കിടക്കുന്ന നൂറുകണക്കിന് ആളുകളോടുള്ള അനീതിയാണ്. മുതിർന്ന പൗരൻമാരും പാർശ്വവത്കൃത വിഭാഗത്തിൽപ്പെട്ടവരും ദാമ്പത്യ കേസുകളുമായി ബന്ധപ്പെട്ടവരും ജയിലുകളിൽ കഴിയുന്നുണ്ട്. ഇവരുടെ വിചാരണ അനന്തമായി വൈകാൻ ഇത് കാരണമാവും. വിചാരണ ആരംഭിക്കാതിരിക്കുകയും ആളുകൾ വർഷങ്ങളോളം ജയിലുകളിൽ കഴിയുകയും ചെയ്യുന്നത് കോടതിക്ക് മുന്നിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. ജാമ്യം നിഷേധിക്കുകയോ അനുവദിക്കുകയോ ചെയ്യുന്നത് ഈ അവസരത്തിൽ ആർട്ടിക്കിൾ 21ന്റെ ലംഘനമായി മാറുമെന്നും കോടതി പറഞ്ഞു.

Similar Posts