< Back
India
teesta setalvad,Gujarat HC
India

'ജാമ്യം അനുവദിച്ചാൽ ആകാശം ഇടിഞ്ഞുവീഴുമോ?'- ടീസ്റ്റക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിം കോടതി

Web Desk
|
1 July 2023 10:17 PM IST

സുപ്രിംകോടതിയുടെ വിശാലബെഞ്ചാണ് ജാമ്യഹരജി അടിയന്തരമായി പരിഗണിച്ചത്

ന്യൂഡല്‍ഹി: മനുഷ്യാവകാശപ്രവർത്തക ടീസ്റ്റ സെതൽവാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിം കോടതി. മൂന്നംഗ ബെഞ്ചാണ് പ്രത്യേക സിറ്റിങ്ങായി കേസ് പരിഗണിച്ചത്. ജാമ്യം അനുവദിച്ചാൽ ആകാശം ഇടിഞ്ഞുവീഴുമോയെന്ന് കോടതി ചോദിച്ചു. ജാമ്യാപേക്ഷയിൽ ഗുജറാത്ത് ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച ജസ്റ്റിസ് ഗവായ് ഹൈക്കോടതിയുടെ നടപടി അത്ഭുതപ്പെടുത്തിയെന്ന് വ്യക്തമാക്കി.

'എന്തിനായിരുന്നു ഇത്ര ധൃതി? ഇടക്കാലജാമ്യം അനുവദിച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ? ഇടക്കാല ജാമ്യം അനുവദിക്കാത്തത് തെറ്റ്'- സുപ്രിം കോടതി വിമർശിച്ചു

ടീസ്റ്റയുടെ ഇടക്കാല ജാമ്യഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഒട്ടും താമസമില്ലാതെ കീഴടങ്ങാനും ടീസ്റ്റയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ടീസ്റ്റാ സെതൽവാദ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ സുപ്രീം കോടതിയിലെ രണ്ടംഗ ബെഞ്ചിൽ അഭിപ്രായ വ്യത്യാസം വന്നതോടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വിശാല ബെഞ്ചിന് വിടുകയായിരുന്നു.

കലാപവുമായി ബന്ധപ്പെട്ട് കൃത്രിമ തെളിവുകളുണ്ടാക്കുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്‌തെന്നതടക്കമുള്ള കേസാണ് ടീസ്റ്റയ്‌ക്കെതിരെയുള്ളത്. ടീസ്റ്റയുടെ അറസ്റ്റ് തടഞ്ഞ് കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രിംകോടതി അവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 30 ദിവസത്തേക്ക് വിധി സ്റ്റേ ചെയ്യാൻ ഇന്ന് ടീസ്റ്റയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് നിർസാർ ദേശായ് ഉൾപ്പെട്ട ബെഞ്ച് ആവശ്യം നിരസിച്ചു.

കലാപവുമായി ബന്ധപ്പെട്ട് കൃത്രിമ തെളിവുണ്ടാക്കാനടക്കം ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മുൻ ഗുജറാത്ത് ഡി.ജി.പി ആർ.ബി ശ്രീകുമാർ, മുൻ ഐ.പി.എസ് ഓഫിസർ സാക്കിയ ജാഫ്രി എന്നിവർക്കൊപ്പം 2022 ജൂണിൽ ടീസ്റ്റ അറസ്റ്റിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻചിറ്റ് നൽകിക്കൊണ്ടുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ(എസ്.ഐ.ടി) റിപ്പോർട്ട് തീർപ്പാക്കുന്നതിനെതിരെ കൊല്ലപ്പെട്ട ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യ നൽകിയ അപ്പീൽ സുപ്രിംകോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു ടീസ്റ്റ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ്.

Related Tags :
Similar Posts