< Back
India
udhayanidhi stalin

ഉദയനിധി സ്റ്റാലിന്‍

India

സനാതന ധർമ പരാമർശം; ഉദയനിധി സ്റ്റാലിന് സുപ്രിംകോടതി നോട്ടീസ്

Web Desk
|
22 Sept 2023 12:56 PM IST

തമിഴ്‌നാട് സർക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്

ഡല്‍ഹി: സനാതന ധർമ പരാമർശത്തിൽ ഉദയനിധി സ്റ്റാലിന് എതിരെ നടപടി വേണമെന്ന ഹരജിയിൽ സുപ്രിംകോടതി നോട്ടീസ് അയച്ചു. തമിഴ്‌നാട് സർക്കാരിനും ഡി.എം.കെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനുമാണ് നോട്ടീസ്. എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാത്തതെന്നും കോടതിയെ പൊലീസ് സ്റ്റേഷനാക്കുകയാണോ എന്നും സുപ്രിംകോടതി ചോദിച്ചു. വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ഹരജിക്കൊപ്പം ഈ ഹരജി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു.

തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആര്‍ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തിലാണ് സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി സ്റ്റാലിൻ താരതമ്യം ചെയ്തത്. സനാതന ധർമ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി പറഞ്ഞിരുന്നു."ചില കാര്യങ്ങൾ എതിർക്കാൻ കഴിയില്ല, അത് ഇല്ലാതാക്കണം. ഡെങ്കി, കൊതുകുകൾ, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിർക്കാൻ കഴിയില്ല. നമ്മൾ ഇത് ഉന്മൂലനം ചെയ്യണം. അങ്ങനെയാണ് സനാതനയെ ഉന്മൂലനം ചെയ്യേണ്ടത്," എന്നാണ് അദ്ദേഹം പറഞ്ഞത്. ഉദയനിധിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ബി.ജെ.പി അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു.

ഉദയനിധിയുടെ സനാതന വിരുദ്ധ പരാമർശങ്ങൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ നിരവധി എഫ്‌.ഐ.ആറുകൾ ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ, തന്‍റെ പ്രസ്താവന പിന്‍വലിക്കാന്‍ വിസമ്മതിച്ച നേതാവ് സനാതന ധർമത്തെക്കുറിച്ച് താൻ പറഞ്ഞ ഓരോ വാക്കുകളിലും ഉറച്ചുനിൽക്കുകയും ചെയ്തു. പരാമർശങ്ങളുടെ പേരിൽ നിയമനടപടി നേരിടാൻ തയ്യാറാണെന്നും കോടതിയിൽ പോരാടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Similar Posts