
Photo|Special Arrangement
ബിഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരുടെ പേരുകൾ പ്രസിദ്ധീകരിക്കണം: സുപ്രിംകോടതി
|ആഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷം ആളുകളെ ഒഴിവാക്കിയത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു.
ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടിയായി സുപ്രിംകോടതി ഇടപെടൽ. ആഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷം ആളുകളെ ഒഴിവാക്കിയത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. ഒഴിവാക്കാനുള്ള കാരണസഹിതം 65 ലക്ഷം പേരുടെയും പട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഒഴിവാക്കിയവരുടെ പട്ടിക ചൊവ്വാഴ്ചക്കകം പ്രസിദ്ധീകരിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ആധാർ പൗരത്വരേഖയായി അംഗീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ബിഹാറിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള പത്രങ്ങളിൽ പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് പരസ്യം നൽകണം. ദൂരദർശനിലും റേഡിയോ ചാനലുകളിലും ഇത് സംബന്ധിച്ച പ്രക്ഷേപണവും വേണമെന്നും നിർദേശിച്ചിട്ടുണ്ട്. ജില്ലാ ഇലക്ടറൽ ഓഫീസർമാരുടെ സമൂഹമാധ്യമ എക്കൗണ്ടുകളിലും അറിയിപ്പ് പ്രസിദ്ധീകരിക്കണം. കോടതിയുടെ നിർദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ആധാർ പ്രധാന രേഖയായി പരിഗണിക്കണമെന്നും ജസ്റ്റിസുമാരായ ജോയ്മല്യ ബഗ്ചി, സൂര്യകാന്ത് എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു. ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ച ശേഷം പരാതിയുള്ളവർക്ക് ആധാർ കാർഡിന്റെ പകർപ്പ് സഹിതം പരാതി നൽകാം.