< Back
India
പെഗാസസില്‍ കേന്ദ്രത്തിന് തിരിച്ചടി; ഹരജികള്‍ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു
India

പെഗാസസില്‍ കേന്ദ്രത്തിന് തിരിച്ചടി; ഹരജികള്‍ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു

Web Desk
|
17 Aug 2021 1:55 PM IST

പെഗാസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു

പെഗാസസ് ചാരവൃത്തിയിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി. പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ ഫയലില്‍ സ്വീകരിച്ച് കോടതി. കേന്ദ്ര സർക്കാരിന് നോട്ടീസും അയച്ചു. പെഗാസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഹരജി 10 ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും

പെഗാസസ് ചാരവൃത്തിയിൽ ജുഡീഷ്യൽ അന്വേഷണമടക്കം ആവശ്യപ്പെട്ടുള്ള ഹരജികളിലാണ് കേന്ദ്ര സ൪ക്കാരിന് സുപ്രീംകോടതി ഇന്ന് നോട്ടീസയക്കാൻ തീരുമാനിച്ചത്. ഹരജികൾ ഫയലിൽ സ്വീകരിച്ച കോടതി 10 ദിവസത്തിന് ശേഷം വീണ്ടും വാദം കേൾക്കാമെന്ന് വ്യക്തമാക്കി. പെഗാസസ് ഉപയോഗം നടന്നിട്ടുണ്ടോയെന്ന് കോടതിക്ക് മുന്നിൽ വ്യക്തമാക്കാനാകില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്. ഇത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ഇക്കാര്യങ്ങൾ പരസ്യപ്പെടുത്തിയാൽ അതിനനുസരിച്ച് രാജ്യവിരുദ്ധ പ്രവ൪ത്തനം ആസൂത്രണം ചെയ്യാൻ ഭീകരവാദികൾക്കും സ്ലീപ൪ സെല്ലുകൾക്കും അവസരമൊരുങ്ങുമെന്നും കേന്ദ്രം വാദിച്ചു.

പുതിയ സത്യവാങ്മൂലം സമ൪പ്പിക്കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. പ്രത്യേക സ്വതന്ത്ര സമിതിയെ നിശ്ചയിക്കണം. അവ൪ക്ക് മുമ്പിൽ കാര്യങ്ങൾ വ്യക്തമാക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. രാജ്യസുരക്ഷയിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി പക്ഷെ ചില നിരീക്ഷണങ്ങൾ അനിവാര്യമാണെന്ന് വ്യക്തമാക്കി. അനിവാര്യമായും വ്യക്തമാക്കേണ്ട കാര്യങ്ങളുണ്ടെങ്കിൽ അക്കാര്യം പരിഗണിക്കും. തുട൪ നടപടികൾ എങ്ങനെ വേണമെന്ന് വരും ദിവസങ്ങളിൽ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

Similar Posts